മന്‍മോഹന്‍സിങ്ങിന്റെ വസതിക്ക് നേരെ ഹസാരെ സംഘത്തിന്റെ കല്ലേറ്
India
മന്‍മോഹന്‍സിങ്ങിന്റെ വസതിക്ക് നേരെ ഹസാരെ സംഘത്തിന്റെ കല്ലേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2012, 12:30 am

ന്യൂദല്‍ഹി:  പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ അണ്ണാ ഹസാരെ സംഘത്തിന്റെ പ്രതിഷേധം. വസതിക്ക് നേരെ കല്ലേറും ഉണ്ടായി. ശക്തമായ ലോക്പാലിന് വേണ്ടി വീണ്ടും സമരരംഗത്തിറങ്ങിയ അണ്ണാ ഹസാരെ ടീം അനുകൂലികളും പൊലീസുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഔദ്യാഗിക വസതിക്കു മുന്നില്‍ ഏറ്റുമുട്ടിയത്. []

പ്രതിഷേധക്കാര്‍ ഗവണ്‍മെന്റിനെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

സമരത്തിന്റെ പുതിയ ഘട്ടത്തിന് വേദിയായ ജന്തര്‍മന്തറില്‍ ബുധനാഴ്ച മുതല്‍ തന്നെ മറ്റുള്ളവര്‍ക്കൊപ്പം ഹസാരെയുമുണ്ട്. എന്നാല്‍, ആദ്യഘട്ടങ്ങളിലെപ്പോലെ ജനപിന്തുണ ഹസാരെ സംഘത്തിന് ലഭിച്ചിരുന്നില്ല. ആയിരത്തില്‍ താഴെ ആളുകളാണ് അവധി ദിവസം കൂടിയായ ഇന്നലെപ്പോലും അവിടെ എത്തിയത്.

സര്‍ക്കാരിലെ അഴിമതിക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി അണ്ണാ ഹസാരെ സംഘവും നിരാഹാര സമരം നടത്തുകയാണ്. ദല്‍ഹിയിലെ ജന്തര്‍മന്തിറില്‍ നടക്കുന്ന സമരത്തില്‍ കഴിഞ്ഞ ദിവസം യോഗഗുരു ബാബ രാംദേവും എത്തിയിരുന്നു.

അണ്ണാസംഘത്തില്‍പെട്ട അരവിന്ദ് കെജ്രിവാള്‍, മനീഷ് ശിശോദിയ, ഗോപാല്‍ റായ് എന്നിവരാണ് ബുധനാഴ്ച മുതല്‍ നിരാഹാരനുഷ്ഠിക്കുന്നത്. ഞായറാഴ്ചക്ക് മുമ്പ് സര്‍ക്കാറില്‍നിന്ന് അനുകൂല മറുപടി നല്‍കിയില്ലെങ്കില്‍ താനും നിരാഹാരം ആരംഭിക്കുമെന്ന് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ ജന്‍ ലോക്പാല്‍ ബില്‍ എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ നിരാഹാരമിരുന്ന് മരിക്കാനാണ് തീരുമാനമെന്ന് ഹസാരെ ഇന്നലെ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്തുമണിക്കാണ് ഹസാരെ നിരാഹാരം ആരംഭിക്കുന്നത്.