കൊച്ചി: പരിക്കു മൂലം ടീം വിട്ട സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമേട്ടന് സന്ദേശവുമായി സി.കെ വിനീത്. ഹ്യൂമിന്റെ പരിക്ക് നിര്‍ഭാഗ്യകരമാണെന്നും എത്രയും പെട്ടെന്ന് പരിക്കില്‍ നിന്നും മുക്തനാകാന്‍ സാധിക്കട്ടെയെന്നും വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു. എത്രയും പെട്ടെന്ന് താങ്കളെ മൈതാനത്ത് കാണാന്‍ സാധിക്കട്ടെ സഹോദരാ എന്നും വിനീത് പറയുന്നു.
നേരത്തെ താന്‍ മടങ്ങി വരുമെന്ന് ആരാധകര്‍ക്ക് ഉറപ്പു നല്കി ഹ്യൂമേട്ടന് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കഠിനമായ തീരുമാനമാണെന്നും പക്ഷെ അനിവാര്യമാണെന്നും ഹ്യൂമേട്ടന് പറയുന്നു. പക്ഷെ താന്‍ തിരിച്ചു വരുമെന്നും നിങ്ങള്‍ക്ക് തന്റെ വാക്കുകള്‍ വിശ്വസിക്കാമെന്നും ഹ്യൂമേട്ടന് പറയുന്നു. കൂടുതല്‍ കരുത്തനും ഫിറ്റായും പ്രതികാരം തീര്‍ക്കാന്‍ താന്‍ തിരിച്ചു വരുമെന്നും ഹ്യൂം പറയുന്നു.
തന്റെ ആരോഗ്യ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുമെന്നും തിരിച്ചു വരുമ്പോള്‍ താന്‍ വേറെ ആളായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ആരാധകരുടെ ഹ്യൂമേട്ടന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.
14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികള്‍.
ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ.
കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.