കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചൂടുപിച്ച ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ മിഡ്ഫീല്‍ഡറായ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു എന്നത്. എ.ടി.കെ. മോഹന്‍ ബഗാനിലേക്കായിരുന്നു അദ്ദേഹത്തിന്റെ കൂടുമാറ്റം. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരമായ അദ്ദേഹം ടീമില്‍ നിന്നും പോയത് ആരാധകരുടെ ഞെറ്റി ചുളിപ്പിച്ചിരുന്നു.
സഹലിന്റെ കൂടുമാറ്റത്തെ കുറിച്ച് സംസാരിക്കുക്കയാണ് മുന്‍ ബ്ലാസ്റ്റ്‌റ്റെഴ്‌സ് താരവും സഹലിന്റെ സുഹൃത്തുമായ സി.കെ. വിനീത്. സഹലിന്റെ തീരുമാനത്തിന് പുറകില്‍ ഒരുപാട് കാരണങ്ങളുണ്ടാകുമെന്നും എടുത്ത തീരുമാനം അദ്ദേഹത്തിന്റെ കരിയറിനും പേഴ്‌സണല്‍ ലൈഫിനും നല്ലതായിരിക്കുമെന്നും വിനീത് അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഹല്‍ ബ്ലാസ്റ്റ്‌റ്റെഴ്‌സ് വിടുന്നത് കേരള ടീമിന് ചിലപ്പോള്‍ തിരിച്ചടിയായിരിക്കും, കാരണം അദ്ദേഹത്തെ പോലൊരു പ്ലെയര്‍ ടീമില്‍ നിന്നും പോകുന്നത് ഏത് ടീമിനും തിരിച്ചടി ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ സഹലിനെ പോലൊരു കളിക്കാരന് അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ പ്ലെയറിനെ സംബന്ധിച്ചടത്തോളം ഇത് പ്രത്യകിച്ച് ഒരു വലിയ കാര്യമല്ല.
ഒരു താരത്തിന് ഒരു ടീമില്‍ തന്നെ തുടരുക എന്നുള്ളത് നടക്കുന്ന കാര്യമല്ല എന്നെ സംബന്ധിച്ചടത്തോളം സഹല്‍ ബഗാനിലേക്ക് പോകുന്നത് നല്ല കാര്യമായാണ് തോന്നുന്നത്. കാരണം അവര്‍ എ.എഫ്.സി കപ്പ് ഉള്‍പ്പടെ എല്ലാ ടൂര്‍ണമെന്റിലും കളിക്കുന്നുണ്ട്, അതും ചാമ്പ്യന്‍ഷിപ്പിന് വേണ്ടി തന്നെ കളിക്കുന്ന ടീമാണ്. അത് അവന്റെ കരിയറിനും ഫിനാന്‍ഷ്യലി പറയുകയാണെങ്കില്‍ അവന്റെ പേര്‍സണല്‍ ലൈഫിനും നല്ലതായിരിക്കും,’ വിനീത് പറഞ്ഞു.
സഹലിനെ പോലൊരു മിഡ്ഫീല്‍ഡിലും ഫോര്‍വേര്‍ഡിലും മികച്ചു നില്‍ക്കുന്ന താരത്തിന് പകരം ആളെ കണ്ടെത്തുക എന്ന് പറയുന്ന് ബ്ലാസ്റ്റേഴ്‌സിന് ഒരു ഹെര്‍ക്കുലിന്‍ ടാസ്‌ക്ക് ആയിരിക്കുമോ എന്ന ആങ്കറിന്റെ ചോദ്യത്തിനും വിനീത് ഉത്തരം നല്‍കുന്നുണ്ട്. അത് വലിയ ടാസ്‌ക്കൊന്നുമല്ലെന്നും എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോള്‍ സമയപരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാസ്റ്റെഴ്‌സ് ആരാധകര്‍ക്ക് നിരാശയായിരിക്കില്ലെ എന്ന ചോദ്യത്തിന് അവര്‍ നിരാശരായിരിക്കും എന്നാല്‍ നമുക്ക് എപ്പോഴും ആരാധകരെ കണ്‍വിന്‍സ് ചെയ്യാന്‍ സാധിക്കില്ലെന്നും ഒരു താരം ക്ലബ്ബ് മാറുന്നതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും വിനീത് അഭിപ്രായപ്പെട്ടു.
‘തീര്‍ച്ചയായും ആരാധകകര്‍ക്ക് നിരാശയായിരിക്കും കാരണം നല്ലൊരു പ്ലെയര്‍ ടീം വിട്ട് പോകുമ്പോള്‍ അവര്‍ എന്തായാലും നിരാശരായിരിക്കും. എന്നാല്‍ വേറെ ഒരു പോയിന്റില്‍ നിന്നും പറയുകയാണെങ്കില്‍ പ്രൊഫഷണല്‍ ലൈഫില്‍ നമുക്ക് എപ്പോഴും ആരാധകരെ കണ്‍വിന്‍സ് ചെയ്യാന്‍ സാധിക്കില്ല, കളിക്കുമ്പോള്‍ അവര്‍ നമ്മുടെ കൂടെ നില്‍ക്കും എന്നത് സത്യമാണ് എന്നാലും പല കാരണങ്ങള്‍ കൊണ്ടാകാം ഒരു താരം ക്ലബ്ബ് വിട്ടു പോകുന്നത്. കരിയര്‍ റീസണുണ്ടാകും, മാനേജ്‌മെന്റ് റീസണ്‍ ഉണ്ടാകും, ഫിനാന്‍ഷ്യല്‍ റീസണ്‍ ഉണ്ടാകും.
ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഞാന്‍ ഇവിടെ പിടിച്ചുനിന്നയാളാണ്, ബ്ലാസ്റ്റേഴ്‌സില്‍ കളിക്കണമെന്ന് തന്നെ ആഗ്രഹിച്ച് നിന്നിരുന്നതാണ് ഞാന്‍. ഞാന്‍ നന്നായി കളിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ എനിക്ക് ഒരുപാട് നല്ല ഓഫറുകള്‍ വന്നിരുന്നു എങ്കിലും ഞാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലം എനിക്ക തൊട്ടടുത്ത വര്‍ഷം തന്നെ ലഭിച്ചു. സഹല്‍ അങ്ങനെ ചെയ്യാത്തതില്‍ ഒരുപാട് സന്തോഷിക്കുന്നു. അവന്‍ നല്ല ഓഫര്‍ വന്നപ്പോള്‍ പോകാന്‍ തീരുമാനിച്ചത് വളരെ നല്ല കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്,’ വിനീത് കൂട്ടിച്ചേര്‍ത്തു.
അന്നത്തെ തന്റെ ഡിസിഷന്‍ മണ്ടത്തരമായിരുന്നോ എന്നും വൈസായിട്ട് തീരുമാനമെടുക്കാന്‍ പറ്റിയില്ലെ എന്നും അവതാരകന്‍ വിനീതിനോട് ചോദിക്കുന്നുണ്ട്. താന്‍ വളരെ ഇമാഷണലി ചിന്തിക്കുന്ന ആളായിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും തോന്നിയെന്ന് വിനീത് പറഞ്ഞു.
‘ഞാന്‍ വളരെ ഇമോഷണലി ചിന്തിക്കുന്ന ഒരാളാണ് എന്റെ നാടിന് വേണ്ടി കളിക്കണം എന്നൊക്കെ ചിന്തിച്ചിരുന്ന ആളാണ്, അത് ഞാന്‍ റിഗ്രറ്റ് ചെയ്യുന്നില്ലെങ്കില്‍ കൂടിയും പിന്നീടുള്ള കാര്യങ്ങള്‍ വന്നപ്പോള്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നിയിരുന്നു. സഹല്‍ എടുത്ത തീരുമാനം അവന്റെ കരിയറിനും പേഴ്‌സണല്‍ ലൈഫിനും ഗുണം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ വിനീത് പറയുന്നു.