വിമർശനങ്ങൾക്ക് പിന്നാലെ സബാൾട്ടേൺ ഫെസ്റ്റ് മോഡറേറ്റർ സ്ഥാനത്ത് നിന്ന് സിവിക് ചന്ദ്രനെ മാറ്റി
Kerala News
വിമർശനങ്ങൾക്ക് പിന്നാലെ സബാൾട്ടേൺ ഫെസ്റ്റ് മോഡറേറ്റർ സ്ഥാനത്ത് നിന്ന് സിവിക് ചന്ദ്രനെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2023, 3:28 pm

കോഴിക്കോട്: പാഠഭേദം മാസികയുടെ അഭിമുഖത്തിൽ സംഘടിപ്പിക്കുന്ന സബാൾട്ടേൺ ഫെസ്റ്റിൽ മോഡറേറ്റർ സ്ഥാനത്ത് നിന്ന് എഴുത്തുകാരൻ സിവിക് ചന്ദ്രനെ മാറ്റി.

സ്ത്രീപീഡന കേസിൽ പ്രതിയായ സിവിക്കിനെ പരിപാടിയുടെ മോഡറേറ്റർ ആക്കിയതിന് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാറ്റിയത്.

പാഠഭേദത്തിന്റെ പ്രസാധകൻ കൂടിയായ സിവിക് ചന്ദ്രനെയായിരുന്നു ഇന്ന് നടന്ന യൂത്ത് പാർലമെന്റ് പരിപാടിയിൽ മോഡറേറ്ററായി നിശ്ചയിച്ചിരുന്നത്. ലൈംഗിക അതിക്രമ കേസിൽ പ്രതിയായ സിവിക് പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ രംഗത്ത് വന്നിരുന്നു.

കേസിന്റെ വിചാരണ നടക്കാനിരിക്കെ സിവിക്കിന് പൊതുവേദിയിൽ അവസരം നൽകിയതാണ് വിവാദമയത്.

റേപ്പിസ്റ്റുകൾക്കും അവരെ സംരക്ഷിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾക്കുമുള്ള പേരാണോ സബാൾട്ടേൺ എന്ന് സാംസ്‌കാരിക മേഖലയിൽ നിന്നുള്ളവർ ചോദിച്ചിരുന്നു.

കേസ് കോടതിയിൽ എത്തുമ്പോൾ സാംസ്കാരിക മണ്ഡലത്തിൽ താൻ ഇപ്പോഴും സജീവമായി നിൽക്കുന്നു എന്ന് വരുത്തുന്ന വേട്ടക്കാരനോടൊപ്പമല്ല സാഹിത്യ മാഗസിനുകൾ നിൽക്കേണ്ടതെന്ന് എഴുത്തുകാരി ഇന്ദു മേനോൻ പറഞ്ഞിരുന്നു.

സിവിക്കിന് പകരം പരിപാടിയിൽ വടക്കേടത്ത് പത്മനാഭനെയാണ് പരിപാടിയുടെ മോഡറേറ്ററാക്കിയത്. പരിപാടിയിൽ പങ്കെടുക്കാൻ സിവിക് ചന്ദ്രൻ എത്തിയിരുന്നു.

സബാൾട്ടേൺ ഫെസ്റ്റിനെ മൊത്തത്തിൽ ചവറ്റുകൊട്ടയിലിടാനുള്ള ആയുധമാക്കിയതാണ് സിവിക് ചന്ദ്രനെയെന്നും അങ്ങനെ ആയുധമാക്കേണ്ട എന്ന് കരുതിയാകാം സംഘാടകർ അദ്ദേഹത്തെ മാറ്റിയതെന്നും എഴുത്തുകാരി ജെ. ദേവിക പറഞ്ഞു.

സിവിക് പങ്കെടുക്കുന്ന ഫെസ്റ്റിൽ സംബന്ധിക്കുന്നതിന് ജെ. ദേവികക്കെതിരെയും വിമർശനം ഉണ്ടായിരുന്നു.

CONTENT HIGHLIGHT: Civic Chandran replaced from Sebalturn Fest Moderator position after criticism