തിരുവനന്തപുരം: എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്ന സി.ഐ.ടി.യു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ആശാ വർക്കർമാരുടെ സി.ഐ.ടി.യു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്.
ആരെങ്കിലും സമരത്തിൽ പങ്കെടുക്കാൻ വിളിക്കുകയാണെങ്കിൽ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സി.ഐ.ടി.യു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശാ വർക്കർമാരാണോ എന്നതിൽ ഉറപ്പില്ലെന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ അവിടെ ഉണ്ടെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സി.ഐ.ടി.യു ആണെന്നും ജില്ലാ നേതാവിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു.
നാളെ ആലപ്പുഴയിൽ വെച്ച് ആശാ വർക്കർമാരുടെ കളക്ട്രേറ്റ് മാർച്ച് നടക്കാനിരിക്കെയാണ് സി.ഐ.ടി.യു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നത്.
അതേസമയം സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളോളമായി നടന്നുവരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എത്തിയിരുന്നു.
ആശാ വർക്കർമാരുടെ സമരം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നും സമരം ചെയ്യുന്നത് ഈർക്കിലി സംഘടനയാണെന്നും ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്.
കഴിഞ്ഞ ദിവസം ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എളമരം കരീം തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച എളമരം കരീം ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്ന് വിമർശിച്ചു. തത്പരകക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: CITU won everything, nobody should go on strike: CITU leader’s voice message to Asha workers