തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണെന്ന മുത്തൂറ്റ് മാനേജ്‌മെന്റ് വാദത്തിനെതിരെ സി.ഐ.ടി.യു. തങ്ങളുടെ സമരം മൂലമല്ല മുത്തൂറ്റ് പൂട്ടുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്നും സി.ഐ.ടി.യു പ്രതിനിധി പ്രതികരിച്ചു.
”ഞങ്ങളുടെ സമരംമൂലമല്ല അവര്‍ പൂട്ടുന്നത്. മുത്തൂറ്റിന് നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ലോണ്‍ കൊടുക്കാന്‍ കഴിയാതിരുന്ന ഒരു സാഹചര്യവും നേരത്തെ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള സാമ്പത്തിക പ്രയാസം കമ്പനിയില്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പൂട്ടുന്നത് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ സമരം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്.
രണ്ട് വര്‍ഷം മുന്‍പ് തൊഴില്‍ മന്ത്രിയുടേയും ലേബര്‍ കമ്മീഷണറുടേയും സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതിര്‍പ്പുകള്‍ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഈ സമരം. രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ മന്ത്രിയുടെ സാന്നിധ്യത്തിലും കമ്മീഷണറുടെ സാന്നിധ്യത്തിലും ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പ് നടപ്പിലാക്കാന്‍ കമ്പനി തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഈ സമരം. അല്ലാതെ ഒരിക്കലും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനോ ഒന്നും വേണ്ടിയല്ല ഞങ്ങള്‍ സമരത്തിന് പോയിട്ടുള്ളത്. – അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുത്തൂര്‍ ഫിനാന്‍സിനകത്ത് 650 ഓളം ശാഖകളും 3000 ത്തോളം ജീവനക്കാരും ആണ് ജോലി ചെയ്യുന്നത്. ഇതില്‍ 90 ശതമാനം ജീവനക്കാരും സംഘടനയിലെ അംഗങ്ങളാണ്. 10 ശതമാനം ആളുകള്‍ മാത്രമേ മാനേജ്‌മെന്റിന്റെ കൂടെ നില്‍ക്കാന്‍ തയ്യാറായുള്ളൂ. ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം സ്ഥാപനത്തില്‍ അനുവദിക്കില്ല എന്ന മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യമാണ് അവര്‍ പുലര്‍ത്തിപ്പോന്നത്. നിരവധിയാളുകള്‍ക്ക് കിട്ടാനുണ്ടായിരുന്ന സാമ്പത്തിക ആനുകൂല്യം തടഞ്ഞുവെക്കുക അതുപോലെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുക 140 ഓളം വനിതാ ജീവനക്കാരെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോലും സ്ഥലംമാറ്റിയത്. ഇത്തരത്തില്‍ സംഘടനയില്‍ ഉള്ള ആളുകള്‍ക്കെതിരെ പ്രതികാര നടപടികള്‍ എടുത്ത് അവരെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. – അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്.
ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നു. ബിസിനസില്‍ ഇടിവു വന്നിരിക്കുന്നു. അതിനാല്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യു സമരം നടത്തുന്നത്. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു.