Kerala News
വയോധികര്‍ക്കുള്ള കട്ടിലിറക്കാന്‍ അധികകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു; ഒരു കട്ടിലിറക്കാന്‍ ആവശ്യപ്പെട്ടത് 100 രൂപ; സംഭവം സി.പി.ഐ.എം ഭരിക്കുന്ന പഞ്ചായത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 30, 07:33 am
Friday, 30th March 2018, 1:03 pm

പാലക്കാട്: സാമൂഹികക്ഷേമപദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ കൊണ്ടു വന്ന കട്ടിലുകള്‍ ഇറക്കാന്‍ അധികകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു.

പാലക്കാട് ജില്ലയിലെ പെരുവെമ്പല്‍ പഞ്ചായത്ത് ദളിത് വിഭാഗത്തിലെ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനായി എത്തിച്ച കട്ടിലുകള്‍ക്കാണ് സി.ഐ.ടി.യു തൊഴിലാളികള്‍ അധികകൂലി ആവശ്യപ്പെട്ടത്. സി.പി.ഐ.എം തന്നെ ഭരിക്കുന്ന പഞ്ചായത്താണ് പെരുവെമ്പ്.

ഒരു കട്ടില്‍ ഇറക്കാന്‍ 50 രൂപയാണ് തൊഴിലാളികള്‍ ലോറി ഡ്രൈവറോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക തന്റെ കൈയില്‍ ഇല്ലെന്നും കൈയിലുള്ള 1500 രൂപ നല്‍കാമെന്നും ലോറി ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന തൊഴിലാളികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഡ്രൈവര്‍ പറയുന്നു.

തുക നല്‍കാന്‍ ബാങ്ക് അധികൃതരും കരാരുകാരനും തയ്യാറാക്കാതെ വന്നതോടെ 110 കട്ടിലുകളുമായി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിടുകയായിരുന്നു.

തങ്ങള്‍ക്കുള്ള കൂലി കിട്ടാതെ കട്ടിലിറക്കാന്‍ മറ്റാരേയും അനുവദിക്കില്ലെന്നായിരുന്നു സി.ഐ.ടി.യു തൊഴിലാളികളുടെ നിലപാട്. ഇന്നലെ 4 മണിക്ക് എത്തിയ ലോറി ലോഡിറക്കാന്‍ സാധിക്കാതെ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു.


Dont Miss ‘ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്, അതാണ് ലംബോര്‍ഗിനി വിഷയം’


110 കട്ടിലുകള്‍ ഇറക്കാന്‍ 5500 രൂപ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ആദ്യം ആവശ്യപ്പെട്ടത് ഒരു കട്ടിലിന് 100 രൂപയാണ്. തൊഴില്‍ വകുപ്പിന്റെ കണക്കുപ്രകാരം ഒരു കട്ടിലിന് 25 രൂപയില്‍ താഴെ നല്‍കിയാല്‍ മതി.

അതേസമയം ആദ്യം 100 രൂപ ചോദിച്ചവര്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ 50 മതിയെന്നും പിന്നീട് അതിലും താഴെ ഇറക്കാമെന്നുമുള്ള നിലപാടിലാണ് തൊഴിലാളികള്‍.

മെയ് ഒന്നു മുതല്‍ കേരളത്തില്‍ നോക്കുകൂലി നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന് കേന്ദ്ര ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളികളെ സംഘടനാ നേതാക്കളുടെ യോഗത്തിന് ധാരണയായി.


Watch DoolNews