ഉര്‍വ്വശിക്ക് വൈകീട്ട് എയര്‍പോര്‍ട്ടില്‍ എത്തിയേ തീരൂ; തിടുക്കത്തില്‍ ഷൂട്ടുചെയ്ത ആ ഗാനം പ്രതീക്ഷയ്ക്കപ്പുറത്തെത്തി; അനുഭവം പങ്കുവെച്ച് ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍
മലയാള സിനിമാ ആസ്വാദകരുടെ എക്കാലത്തേയും ഇഷ്ട ഗാനങ്ങളില്‍ ഒന്നാണ് മഴവില്‍ക്കാവടി എന്ന ചിത്രത്തില്‍ കെ.എസ് ചിത്ര പാടി ഉര്‍വ്വശി അഭിനയിച്ച തങ്കത്തോണി തെന്‍മലയോരം കണ്ടേ.. എന്നുതുടങ്ങുന്ന ഗാനം.
കൈതപ്രം-ജോണ്‍സണ്‍-ചിത്ര കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹരമായ ഈ ഗാനം ഉര്‍വ്വശിയുടെ അഭിനയ മികവുകൊണ്ടും ദൃശ്യഭംഗി കൊണ്ടും അക്കാലത്ത് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇന്നും പലരുടേയും പ്രിയഗാനങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ പലരും അറിയാത്ത ഒരു കഥ ഈ പാട്ടിന്റെ ചിത്രീകരണത്തിന് പിന്നിലുണ്ട്. വളരെ തിടുക്കത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിത്രീകരണം തീര്‍ത്ത പാട്ടാണ് ഇതെന്നും ഇന്നും ഈ ഗാനരംഗം കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുമെന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ വിപിന്‍ മോഹന്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ തിടുക്കത്തില്‍ എടുത്തു തീര്‍ത്ത സീനാണ് അത്. ഉര്‍വ്വശിക്ക് മറ്റൊരു പടത്തിന്റെ വര്‍ക്കില്‍ പെട്ടെന്ന് ജോയിന്‍ ചെയ്യണം. വൈകീട്ട് കോയമ്പത്തൂരിലേക്ക് പോയി ഫ്‌ളൈറ്റ് പിടിച്ചേ പറ്റൂ. ഒരു ദിവസം കാലത്ത് തുടങ്ങി നാലുമണിക്കുള്ളില്‍ എടുത്തു തീര്‍ക്കേണ്ടി വന്നു ആ രംഗം. ഉര്‍വ്വശി എന്ന കലാകാരിയുടെ സമാനതകളില്ലാത്ത പ്രതിഭ എന്നെ വിസ്മയിപ്പിച്ച അനേകം സന്ദര്‍ഭങ്ങളില്‍ ഒന്ന്,’ വിപിന്‍ മോഹന്‍ പറയുന്നു.
സ്ലോ മോഷനില്‍ ഉര്‍വ്വശിയുടെ ധാവണിക്കാരിയായ ആനന്ദവല്ലി ഫ്രെയിമിലേക്ക് ഒഴുകിവരുന്നത് മുതലുള്ള ഓരോ നിമിഷവും ഇന്നുമുണ്ട് ഓര്‍മ്മയിലെന്നും മറക്കാനാവാത്ത ആ ദൃശ്യങ്ങള്‍ക്കൊപ്പം മലയാള സിനിമയുടെ പോയ് മറഞ്ഞ ഗ്രാമ്യ വിശുദ്ധിയിലേക്ക്, നിഷ്‌ക്കളങ്കതയിലേക്ക് മനസ് തിരികെ നടക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
പ്രണയം ഉള്ളിലൊതുക്കിയ ഒരു നാട്ടിന്‍പുറത്തുകാരിയുടെ ഹൃദയം എത്ര സുന്ദരമായാണ് ഉര്‍വ്വശി സൂക്ഷ്മ ഭാവങ്ങളിലൂടെ വരച്ചുകാട്ടുന്നത്.
ചില ദിവസങ്ങള്‍ അങ്ങനെയാണ്. വലിയ പ്ലാനിങ് ഒന്നും കൂടാതെ തിടുക്കത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് വളരും. ദൈവത്തിന്റെ ഇടപെടല്‍ തന്നെയാണ് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പഴനിയുടെ പ്രാന്തപ്രദേശങ്ങളില്‍ എവിടെയോ മഴവില്‍ക്കാവടി ചിത്രീകരിക്കുമ്പോള്‍ ഇഷ്ടദൈവമായ മുരുകന്‍ എനിക്കൊപ്പമുണ്ടായിരുന്നു. മഴവില്‍ക്കാവടിയിലെ ഫ്രെയിമുകള്‍ പലതും നിങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ ആ അനുഗ്രഹവര്‍ഷം തന്നെ.
പിന്നെ സത്യന്റെ ഭാവന, കൈതപ്രവും ജോണ്‍സണും ചേര്‍ന്ന് സൃഷ്ടിച്ച പാട്ടിന്റെ മാജിക്, ചിത്രയുടെ കുസൃതി നിറഞ്ഞ ആലാപനം, എല്ലാത്തിലും ഉപരി ഉര്‍വ്വശി എന്ന അഭിനേത്രിയുടെ പകരം വെക്കാനില്ലാത്ത അഭിനയ ചാതുരി, 32 വര്‍ഷം കഴിഞ്ഞിട്ടും ആ പാട്ട് ജീവിക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം, വിപിന്‍ മോഹന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക