Malayalam Cinema
പ്രതിഷേധം ഫലം കണ്ടില്ല; സിനിമ ടിക്കറ്റിന് ഇന്നുമുതല്‍ വിലകൂടും; സാധാരണ ടിക്കറ്റിന് ഇനി 130 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 18, 03:25 am
Monday, 18th November 2019, 8:55 am

തിരുവനന്തപുരം: സമരങ്ങളും പ്രതിഷേധങ്ങളും വകവെയ്ക്കാതെ സംസ്ഥാനത്തെ സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ കുത്തനെ ഉയരും. വിവിധ ക്ലാസുകളിലായി 10 രൂപ മുതല്‍ 30 രൂപ വരെയാണ് വര്‍ധിക്കുന്നത്.

നിലവില്‍ ടിക്കറ്റിനു മേല്‍ ഉള്ള ജി. എസ്. ടി , ക്ഷേമ നിധി, എന്നിവയ്ക്ക് പുറമേ പുതിയ വിനോദ നികുതിയും ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. നേരത്തെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഒടുവില്‍ സര്‍ക്കാര്‍ തീരുമാനത്തിന് തിയേറ്റര്‍ സംഘടനകള്‍ വഴങ്ങുകയായിരുന്നു.  ജിഎസ്‌ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.

നേരത്തെ വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിനിമാ സംഘടനകള്‍ വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തിയിരുന്നു. നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തിന് എതിരെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി നീണ്ടു പോകുകയാണ്.

കോടതി വിധി പ്രതികൂലമായാല്‍ മൂന്‍കാല പ്രാബല്യത്തോടെ തിയേറ്ററുകള്‍ സര്‍ക്കാരിന് നികുതി നല്‍കേണ്ടി വരും. ടിക്കറ്റ് വില വര്‍ധനവിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8. 5 ശതമാനവും വിനോദ നികുതി ചുമത്താനാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നാണ് മന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമ സഭയില്‍ പറഞ്ഞിരുന്നു. അതേസമയം ജി.എസ്.ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.

നേരത്തെ ജി. എസ്. ടി നടപ്പിലായതോടെ 100 രൂപ വരെയുള്ള ടിക്കറ്റിന് 18 ശതമാനം നികുതി, അതിനു മുകളില്‍ 28 ശതമാനം എന്ന തരത്തില്‍ വാങ്ങാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പ്രതിഷേധവുമായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്ത് എത്തിയതോടെ നികുതി 12 %,  18 % എന്നായി കേന്ദ്രസര്‍ക്കാര്‍ പുന:ക്രമീകരിക്കുകയായിരുന്നു.

നിലവില്‍ സംസ്ഥാനത്ത് സാധാരണ ടിക്കറ്റിന്റെ വില 95 രൂപയായിരുന്നു. ഇതിന്റെ കൂടെ 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപ അടിസ്ഥാന വിലയും ഇതിന്റെ കൂടെ 12 ശതമാനം ജി. എസ്. ടിയും 1 ശതമാനം പ്രളയ സെസും ചേര്‍ത്ത് ടിക്കറ്റിന്റെ അടിസ്ഥാന വില 113 രൂപയായിരുന്നു .

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ വിനോദ നികുതി വരുന്നതോടെ 5 ശതമാനം സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ ചുമത്തും ഇതിന് മേല്‍ 5 ശതമാനം ജി. എസ്. ടി. യും ചേര്‍ക്കുകയും ചെയ്യും. ഇതോടെ 95 രൂപ വിലയുള്ള ടിക്കറ്റിന്റെ അടിസ്ഥാന വില 106 ആയി ഉയരുകയും ചെയ്യും ഇതോടെ ഒരു ടിക്കറ്റിന്റെ ജി. എസ്. ടി 18 ശതമാനമായി മാറും. ഇതോടെ സാധാരണ ടിക്കറ്റിന് 130 രൂപയായി മാറും

 

DoolNews Video