എംബാപ്പെ വെറും സെല്‍ഫിഷ് പ്ലയെറാണ്; വിമര്‍ശനവുമായി ഫ്രഞ്ച് മുന്‍താരം
Football
എംബാപ്പെ വെറും സെല്‍ഫിഷ് പ്ലയെറാണ്; വിമര്‍ശനവുമായി ഫ്രഞ്ച് മുന്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th December 2023, 12:59 pm

പാരീസ് സെയ്ന്റ് ജെര്‍മെന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് മുന്‍ താരം ക്രിസ്റ്റഫ് ദുഗാരി.

ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ എംബാപ്പെ നടത്തിയ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ദുഗാരിയുടെ വിമര്‍ശനം.

‘കളിക്കളത്തില്‍ എംബാപ്പെയുടെ മനോഭാവത്തിനെയാണ് ഞാന്‍ കുറ്റപ്പെടുത്തുക. മത്സരത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പി.എസ്.ജി ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളെന്ന നിലയില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കണമായിരുന്നു. എന്നാല്‍ അവന്‍ അത് ചെയ്തില്ല.

എതിര്‍ ടീമിന്റെ പ്രതിരോധനിരക്കാര്‍ അവനെക്കാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അവന്‍ പങ്കെടുക്കാനായി ഒരു ശ്രമവും നടത്തിയില്ല. ആ സമയങ്ങളില്‍ അവന്‍ സഹതാരങ്ങളോട് ദേഷ്യപ്പെടുക മാത്രമാണ് ചെയ്തത്. അവന്റെ ഈ പെരുമാറ്റത്തില്‍ ഞാന്‍ വളരെ നിരാശനാണ്. ഒരു ടീമിന്റെ ലീഡര്‍ എന്ന നിലയില്‍ ടീമിനായി മാതൃകാപരമായി പോരാടണം,’ ദുഗരി ആര്‍.എം.സിയിലൂടെ പറഞ്ഞു.

ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തില്‍ എംബാപ്പെക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തില്‍ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഫ്രഞ്ച് താരം അടിച്ച ഗോളെന്നുറപ്പിച്ച ഷോട്ട് ഡോര്‍ട്മുണ്ടിന്റെ ജര്‍മന്‍ ഡിഫന്‍ഡര്‍ നിക്കോ സുലെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഈ മത്സരത്തില്‍ നിറം മങ്ങിപോയെങ്കിലും ഈ സീസണില്‍ ഫ്രഞ്ച് വമ്പന്മാരൊപ്പം മിന്നും ഫോമിലാണ് എംബാപ്പെ കളിക്കുന്നത്. 18 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് എംബാപ്പെ ഈ സീസണില്‍ സ്വന്തമാക്കിയിട്ടുള്ളത്.

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 51ാം മിനിട്ടില്‍ കരിം അഡിയാമിയിലൂടെ ഡോര്‍ട്മുണ്ട് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 56ാം മിനിട്ടില്‍ വാറണ്‍ സെമെരി എമറിയിലൂടെ ഗോള്‍ പാരീസ് സമനില ഗോള്‍ നേടുകയായിരുന്നു.

സമനിലയോടെ ഗ്രൂപ്പ് എഫില്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനും എട്ട് പോയിന്റ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായതാണ് പാരീസിന് മുന്നോട്ടുള്ള കുതിപ്പിന് അനുകൂലമായത്.

ലീഗ് വണ്ണില്‍ ഡിസംബര്‍ 18ന് ലോസ്‌ക്കിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlight: Christophe Dugarry criticize Kylian Mbappe poor performance.