ഹൈദരാബാദ്: തിരുപ്പതി ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാകവേ വോട്ടര്‍മാരോട് വര്‍ഗീയത പറഞ്ഞ് ബി.ജെ.പി തെലങ്കാന നേതാവ് ബന്ദി സഞ്ജയ് കുമാര്‍. ബൈബിളോ ഗീതയോ എന്ന് നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നാണ് കുമാര്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഒരു മതവിഭാഗത്തെ മാത്രം പ്രീതിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഹിന്ദുക്കള്‍ ദുബ്ബക ഉപതെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുമെന്നും കുമാര്‍ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണം നടക്കുകയാണ്, ഹിന്ദുക്കളുടെ ക്ഷമ പരിശോധിക്കാന്‍ നില്‍ക്കരുത് തുടങ്ങിയ വിദ്വേഷ പരാമര്‍ശങ്ങളാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലും കുമാര്‍ ഉപയോഗിച്ചത്.
ബി.ജെ.പി നേതാക്കള്‍ തെരുവിലറങ്ങി വന്ദേമാതരവും, ജയ്ശ്രീറാമും, ഭാരത് മാതാ കീ ജയിയും ഉറക്കെ വിളിച്ചാല്‍ വൈസ്.ആര്‍.സി.പിക്ക് ഓഫീസ് ഒഴിഞ്ഞു പോകേണ്ടിവരുമെന്നും കുമാര്‍ പറഞ്ഞു.
വൈസ്.ആര്‍.സി.പിയുടെ എം.പി ബാല്ലി ദുര്‍ഗാപ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
1998ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എന്‍. വെങ്കടസ്വാമി തിരുപ്പതിയില്‍ വിജയിച്ചിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് തിരുപ്പതിയില്‍ ബി.ജെ.പി.