ചൂരല്‍ മുറിയല്‍ ചടങ്ങ്; ദത്തെടുത്ത കുട്ടികളുടെ ഇടുപ്പില്‍ ലോഹനൂല്‍ കോര്‍ക്കുന്ന ആധുനിക മനുഷ്യകുരുതി
Child Right
ചൂരല്‍ മുറിയല്‍ ചടങ്ങ്; ദത്തെടുത്ത കുട്ടികളുടെ ഇടുപ്പില്‍ ലോഹനൂല്‍ കോര്‍ക്കുന്ന ആധുനിക മനുഷ്യകുരുതി
അശ്വിന്‍ രാജ്
Wednesday, 28th February 2018, 11:30 pm

കുടുംബത്തിന് ഐശ്വര്യം വരുന്നതിനായി ക്ഷേത്രത്തിലെ ആചാരത്തിനായി ഒരാഴ്ചക്കാലത്തേക്ക് ദരിദ്രകുടുംബങ്ങളിലെ പത്ത് വയസിന് കുട്ടികളെ ദത്തെടുക്കുക. ഇതിന് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കാശുകൊടുക്കുക, കഠിനമായ പരിശീലനത്തോടെ ഒരാഴ്ചക്കൊണ്ട് ആചാരങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിച്ചെടുക്കുക ആചാരത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ ലോഹനൂല്‍ തുളച്ചിടുക………..      പറഞ്ഞ് വരുന്നത് നൂറ് ശതമാനം സാക്ഷരരായ കേരളത്തിലെ ചില ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിനെ കുറിച്ചാണ്.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളായ ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര, തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രം തുടങ്ങി തെക്കന്‍ കേരളത്തിലെ പല ഭഗവതി ക്ഷേത്രങ്ങളിലും കുത്തിയോട്ടം എന്ന അനുഷ്ഠാന കാലാരൂപവും അതിന്റെ ഭാഗമായി നടക്കുന്ന ചൂരല്‍ മുറിയല്‍ എന്ന ചടങ്ങുമാണ് ഇത്.

പ്രാചീന കാലത്ത് നിന്നിരുന്ന മനുഷ്യകുരുതി അഥവാ ഗുരുതിയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഈ ആചാരം എന്നാണ് കുട്ടികളെ കുത്തിയോട്ടം അനുഷ്ടിക്കുന്നതിനായി ആചാരങ്ങള്‍ പഠിപ്പിക്കുന്ന ആശാനായ ഗോപാല കൃഷ്ണപ്പിള്ള പറയുന്നത്.

എന്നാല്‍ ചൂരല്‍ മുറിയല്‍ എന്ന് ചടങ്ങ് ജുവനെല്‍ ജസ്റ്റീസ് ആക്ടിന്റെ ലംഘനമാണെന്ന് ബാലാവകാശകമ്മീഷന്‍ നിരീക്ഷിക്കുന്നു. ഇതിനെ തുടര്‍ന്ന് 2016 നവംബറില്‍ ചൂരല്‍ മുറിയല്‍ എന്ന ചടങ്ങ് കുത്തിയോട്ടത്തിന്റെ ഭാഗമായി നടത്തരുതെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ തുടര്‍ന്നും ഈ ചടങ്ങുകള്‍ നടന്നു വരികയാണ്.

ചൂരല്‍ മുറിയല്‍ ചടങ്ങില്‍ ലോഹനൂല്‍ കോര്‍ക്കുന്നു

എന്താണ് കുത്തിയോട്ടവും ചൂരല്‍ മുറിയലും

പ്രാചീനകാലത്തെ മനുഷ്യകുരുതി അഥവാ ഗുരുതിയുടെ പരിഷ്‌ക്കരിച്ച രൂപമാണ് കുത്തിയോട്ടം എന്നാണ് പറയപ്പെടുന്നത്. പത്ത് വയസിന് താഴേയുള്ള കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുന്നത്. “”അംഗവൈകല്യമോ, പകര്‍ച്ചവ്യാധിയോ ഇല്ലാത വഴിപാടുകാരന്റെ സ്വതമോ രക്തബന്ധത്തിലുല്‍ അതോ ചാര്‍ച്ചയിലുള്ളതോ ആകണം ഈ കുട്ടികള്‍. വഴിപാടുകാരന്റെ കുട്ടികളെയോ, ബന്ധുക്കളുടെ കുട്ടികളെയോ കിട്ടാതെവരികയാണെങ്കില്‍ മാത്രം അന്യ കുട്ടികളെ ദത്തെടുക്കാം.എന്നാണ് ആചാരം എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും കുട്ടികളെ ദത്തെടുത്ത് തന്നെയാണ് കുട്ടികളെ ഉപയോഗിക്കുന്നതെന്നാണ് കുത്തിയോട്ടം ആശാനായ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിപറഞ്ഞത്.

കുത്തിയോട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതല്‍ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവില്‍ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. രാവിലെ കുട്ടിയുടെ ശരീരം സ്വര്‍ണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആണ്‍കുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച് കയ്യില്‍ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. ഇതിനെയാണ് ചൂരല്‍ മുറിയല്‍ ചടങ്ങ് എന്ന് വിശേഷിപ്പിക്കുന്നത്.

കുത്തിയോട്ട പരിശീലനം

പണ്ട് കാലങ്ങളില്‍ ഇത് ചൂരല്‍ ചീന്തി അതിന്റെ നാരായിരുന്നു കോര്‍ത്തിരുന്നത്. പിന്നീടാണ് അത് സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നാരായി മാറിയത്.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ലോഹനൂല്‍ ഊരിയെടുത്ത് ഭദ്രാദേവിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് അവസാനിക്കും. മഹിഷാസുരനെ ഭഗവതിയുടെ മുറിവേറ്റ ഭടന്മാര്‍ ആയാണ് കുത്തിയോട്ടത്തില്‍പങ്കെടുത്ത ബാലന്‍മാരെ കണക്കാക്കുന്നത്.

3 മുതല്‍ പതിനഞ്ച് രൂപ വരെ ഈ ചടങ്ങിന് ചിലവാകുമെന്നാണ് ചെട്ടി കുളങ്ങര ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ പറയുന്നത്. മനുഷ്യ ബലിയുടെ ആധുനിക രൂപമായിട്ട് തന്നെയാണ് ക്ഷേത്രത്തിന്റെ വെബ് സൈറ്റും ഈ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.

കുട്ടികളുടെ ഇടുപ്പില്‍ ചോരപൊടിക്കുന്ന ചൂരല്‍ മുറിയല്‍

തെക്കന്‍ കേരളത്തിലെ പല ദേവി ക്ഷേത്രങ്ങളിലും നടന്ന് വരുന്ന കുത്തിയോട്ടം എന്ന അനുഷ്ഠാനത്തില്‍ ചൂരല്‍ മുറിയല്‍ എന്ന ചടങ്ങ് എല്ലായിടങ്ങളിലും ആചരിക്കാറില്ല. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ മലയാള മാസം കുഭത്തിലെ ഭരണി നാളിലാണ് ഈ ആചാരം അരങ്ങേറുന്നത്.

2016 നവംബര്‍ മാസത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ അരങ്ങേറുന്ന കുത്തിയോട്ടത്തിലെ ചൂരല്‍മുറിയല്‍ ചടങ്ങ് നടത്താന്‍ പാടില്ലെന്ന് ഉത്തരവിട്ടു. തുടര്‍ന്ന് ബാലാവകാശകമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കാന്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമെന്നും ഉത്തരവിട്ടു. കുത്തിയോട്ടം നിരോധിക്കണമെന്നല്ല ചൂരല്‍ മുറിയല്‍ ചടങ്ങ് പാടില്ലെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടെതെന്നാണ് ബാലാവകാശകമ്മീഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കുത്തിയോട്ട പരിശീലനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിയ കുട്ടികൾ

“”കുത്തിയോട്ടം എന്ന ചടങ്ങ് നിരോധിക്കാനോ നിര്‍ത്താനോ ഒന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടില്ല. കുട്ടികളെ ചൂരല്‍ മുറിയല്‍ ചടങ്ങിന് ശരീരം മുറിയുന്ന തരത്തില്‍ ആചാരത്തിന് ഉപയോഗിക്കുന്നത് ബാലാവകാശലംഘനമാണ്. ഇത് പാടില്ലെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. സ്വര്‍ണ നൂലിട്ട് കുട്ടികളെ മുറിവേല്‍പ്പിക്കാന്‍ പാടില്ല. അങ്ങിനെ വീണ്ടും ചൂരല്‍ മുറിയല്‍ ചടങ്ങ വീണ്ടും നടത്തുകയാണെങ്കില്‍ കോടതി നേരിട്ട് ആക്ഷന്‍ എടുക്കുമെന്നും ഉത്തരവിട്ടിട്ടുണ്ട്.”” കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ ക്ഷേത്രത്തില്‍ ചുരല്‍ മുറിയല്‍ നടന്നെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അതിനെ തുടര്‍ന്ന് കേസ് എടുത്തിട്ടുണ്ടെന്നാണ് മാവേലിക്കര പോലീസ് സി.ഐ ശ്രീകുമാര്‍ പറയുന്നത്. ” ബാലാവകാശ കമ്മീഷന്‍ ഉത്തരവിന്റെയും കോടതിയുടെയും നിര്‍ദ്ദേശപ്രകാരം ഈ ചടങ്ങ് നടത്തെരുതെന്ന് മുമ്പ് നടത്തിയ കുടുംബങ്ങൾക്ക് കത്ത് നല്‍കിയും കരക്കാരെ യോഗം വിളിച്ചും അറിയിച്ചിരുന്നു. എന്നാല്‍ ഒന്ന് രണ്ട് കുടുംബങ്ങള്‍ ഈ ചടങ്ങ് നടത്തിയതായാണ് വിവരം. അതില്‍ കേസ് എടുത്ത് തുടര്‍ നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ് അദ്ദേഹം ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ചും ഇതേ ആചാരം നിലനില്‍ക്കുന്നുണ്ട്. പൊങ്കാലയോട് അനുബന്ധിച്ചു നടക്കുന്ന കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ജയില്‍ മേധാവി ആര്‍. ശ്രീലേഖ തന്നെ രംഗത്തെത്തിയിരുന്നു. കുത്തിയോട്ടം വഴി കുട്ടികള്‍ക്കേല്‍ക്കുന്നത് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനമാണെന്ന് ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കുത്തിയോട്ടം

ശിക്ഷാര്‍ഹമായ ഇത്തരം കുറ്റങ്ങള്‍ക്കെതിര ആരും പരാതി നല്‍കുന്നില്ലെന്നും ആണ്‍കുട്ടികളെ ആചാരത്തിന്റെ ഭാഗമായി മാനസികമായും ശാരീരികമായും പീഡനത്തിരയാക്കുന്ന പ്രവണതയാണന്നും ശ്രീലേഖ പറഞ്ഞു.

“ആറ്റുകാല്‍ പൊങ്കാല സമയത്ത് ക്ഷേത്രം ആണ്‍കുട്ടികളുടെ ജയിലാകും. പെണ്‍കുട്ടികളെ ഒരുക്കി, വിളക്ക് പിടിപ്പിച്ച് ഘോഷയാത്ര നടത്തുന്നു. അത് നിരുപദ്രവകരമാണ്. എന്നാല്‍ ആയിരത്തോളം വരുന്ന ആണ്‍കുട്ടികള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ദിവസങ്ങള്‍ പീഡനത്തിന്റേതാണ്.കുട്ടികളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികളുമായി ഗൂഢാലോചന നടത്തി മാതാപിതാക്കള്‍ വിട്ടുനല്‍കുകയാണെന്നും ശ്രീലേഖ പറയുന്നു.

ഒറ്റമുണ്ട് മാത്രമുടുത്ത് തണുത്ത വെള്ളത്തില്‍ കുളിച്ച് ക്ഷേത്ര പറമ്പിലെ വെറും നിലത്തില്‍ കിടന്നുറങ്ങി, വൃത്തിഹീനമായ ഭക്ഷണം കഴിച്ചാണ് ആചാരത്തിന്റെ ഭാഗമായി കുട്ടികള്‍ കഴിയുന്നത്. അത്രയും ദിവസം കുട്ടികള്‍ക്ക് മാതാപിതാക്കളെ കാണാന്‍ കഴിയില്ല.

ഡി.ജി.പി ആർ ശ്രീലേഖ

 

അവസാനദിവസം ചുരല്‍ മുറിയല്‍ ചടങ്ങിന്റെ ഭാഗമായി നൂല്‍ കമ്പി കുട്ടികളുടെ വയറില്‍ കോര്‍ക്കും ദേവിയ്ക്ക് രക്തം ഇഷ്ടമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരാണ് ദേവിയുടെ ഇഷ്ടവും അനിഷ്ടവും തീരുമാനിക്കുന്നത്.
ഈ പീഡനങ്ങളെക്കുറിച്ചൊന്നും ഒരു അറിവും നല്‍കാതെയാണ് ഭൂരിഭാഗം കുട്ടികളെയും കുത്തിയോട്ടത്തിന് കൊണ്ടുവരുന്നതെന്നും ശ്രീലേഖ പറയുന്നു.

എന്നാല്‍ ഡി.ജി.പി ശ്രീലേഖ തെറ്റ് ധാരണയുണ്ടാക്കുകയാണെന്നാണ് ആറ്റുകാല്‍ ക്ഷേത്രം ഭാരവാഹികളുടെ വാദം. ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ ക്ഷേത്രകമ്മറ്റി വാര്‍ത്താ കുറിപ്പും പുറത്തിറക്കി. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഈ വര്‍ഷവും രക്ഷകര്‍ത്താക്കള്‍ക്കും ഭക്ത ജനങ്ങള്‍ക്കും തൃപ്തികരമായ രീതിയില്‍ 993 ബാലന്‍മാരുടെ കുത്തിയോട്ട വൃതം നടന്നു വരികയാണെന്നും ഭക്ത ജനങ്ങളുടെയുള്ളില്‍ ഭീതി ജനിപ്പിക്കുകയും തെറ്റിധരിപ്പിക്കുകയുമാണ് ഡി.ജി.പി ശ്രീലേഖ ചെയ്യുന്നതെന്നും വസ്തുകള്‍ മനസിലാക്കാതെയാണ് ഈ പ്രസ്താവനയെന്നുമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ പേരില്‍ ഇറങ്ങിയിട്ടുള്ള പ്രസ്താവനയില്‍ പറയുന്നത്.

ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഇറക്കിയ പ്രസ്താവന

ഡി.ജി.പി ശ്രീലേഖ മുന്നോട്ട് വച്ച നിരീക്ഷണങ്ങളോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് ശബരിമല തന്ത്രികുടുംബാഗവും വലത്പക്ഷ നിരീക്ഷകനുമായ രാഹുല്‍ ഈശ്വര്‍ പറയുന്നത്. “” ഹിന്ദു സമൂഹം എല്ലാ പരിഷ്‌ക്കാരങ്ങള്‍ക്കും അനുകൂലമാണ്. പക്ഷേ എല്ലാ ആചാരങ്ങളും അനാചാരങ്ങളാണെന്ന് പറയുന്നതിനോട് കടുത്ത എതിര്‍പ്പാണ് ഉള്ളത്. കാരണം ശ്രീലേഖ മാഡം പറഞ്ഞതില്‍ ക്രിമിനല്‍ നടപടികളും ഐ.പി.സി സെക്ഷനുമെല്ലാം വരുന്നുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസി എന്ന നിലയില്‍ എനിക്ക് ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം എന്റെ വിശ്വാസം ആചരിക്കാനുള്ള അവകാശം തരുന്നുണ്ട്. ഭരണഘടന തരുന്ന അടിസ്ഥാന അവകാശങ്ങളിലേക്കുള്ള അനാവശ്യ കടന്ന് കയറ്റമാണ് ഇത്”” രാഹുല്‍ ഈശ്വര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേ സമയം ഒരു പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങുകയാണെങ്കില്‍ ഒരുമിച്ച് എല്ലാ മതത്തിലെയും അനാചാരങ്ങളെയും എതിര്‍ക്കാമെന്നും അല്ലെങ്കില്‍ നാളെ കുട്ടികളുടെ കാത് കുത്തുന്നത് വലിയ ഒരു അപരാധമായി കാണുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഡി.ജി.പി ശ്രീലേഖ മാഡത്തിനോടുള്ള സകല ബഹുമാനവും മുന്‍ നിര്‍ത്തി അവര്‍ മുന്നോട്ട് വച്ച നീരിക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നെന്നും ഈക്കാര്യത്തില്‍ പൂര്‍ണമായി ക്ഷേത്ര ട്രസ്റ്റിനോടൊപ്പമാണെന്നും രാഹുല്‍ ഈശ്വര്‍ ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.

കുത്തിയോട്ടപ്പാട്ടിന് ചുവടുകൾ പഠിപ്പിക്കുന്നു

ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിനെതിരെയും രാഹുല്‍ പ്രതികരിച്ചു.”” എന്റെ മകന്റെ അവകാശം ആദ്യം തീരുമാനിക്കുന്നത് ഞാന്‍ ആണ് അത് ആരുടെ മകനാണെങ്കിലും അങ്ങിനെ തന്നെയാണ്. എന്റെ കുട്ടിയുടെ സംരക്ഷണയും അവകാശവും അധികാരവും ആദ്യം കുടുംബത്തിനാണ് സ്റ്റേറ്റിനല്ല. ആദ്യ അവകാശം കുടുംബത്തിനാണ് രണ്ടാമത് മാത്രമേ സ്റ്റേറ്റിനുള്ളു. കാരണം സ്റ്റേറ്റിന് കുട്ടികളെ ഉണ്ടാക്കാന്‍ കഴിയില്ല സംരക്ഷിക്കാന്‍ മാത്രമേ കഴിയു. അത് കൊണ്ട് കുടുംബത്തിന് മേലുള്ള അധികാരത്തിലും അവകാശത്തിലും കടന്ന കയറുന്നത് ശരിയല്ല രാഹുല്‍ ഈശ്വര്‍ പറയുന്നു.

എന്നാല്‍ 2014 ല്‍ തന്നെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി.കോശി സംസ്ഥാനത്തെ ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി തുടരുന്ന കുത്തിയോട്ടം മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ചിരുന്നു. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കുത്തിയോട്ടം തുടരണോയെന്ന വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അന്ന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്‍ ഇതു സംബന്ധിച്ച് അന്ന് തന്നെ തിരുവനന്തപുരം ജില്ലാ കളക്ടറോടും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിനോടും വിശദീകരണം തേടിയിരുന്നു.

 

കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരത്തിനെതിരെ ഡോ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലായിരുന്നു കമ്മീഷന്റെ ഉത്തരവ്. ആചാരത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ കുത്തിയിറക്കുന്ന കമ്പി കുട്ടികളില്‍ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതുള്‍പ്പടെയുളള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ പരാതി നല്‍കിയിരുന്നത്.

കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന 12 വയസ്സില്‍ താഴെയുള്ളവരുടെ ശരീരത്തില്‍ കൊരുക്കുന്ന ലോഹക്കമ്പി 24 മണിക്കൂര്‍ കഴിഞ്ഞാണ് മാറ്റുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഡോക്ടറുമായ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഡോ.മുരളീധരന്‍ പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു.

കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ആചാരമാണിത്. വര്‍ഷങ്ങളായി തുടരുന്നതിനാല്‍ നിര്‍ത്തലാക്കണമെന്നു പറയുന്നതില്‍ കഴമ്പില്ല. എന്നാല്‍ സര്‍ക്കാരാണു വിഷയം പരിഗണിക്കേണ്ടത്. ജസ്റ്റീസ് കോശി കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ സതി, ദേവദാസി, തലാഖ് മുതലായ പ്രാകൃതമായ ആചാരങ്ങള്‍ നിയമം മൂലം നിരോധിച്ചതും അന്ന കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ആക്ഷനും ഇത് സംബന്ധിച്ച് ഉണ്ടായില്ല.

അതേസമയം ആറ്റുകാല്‍ ക്ഷേത്രത്തിലെ ചൂരല്‍മുറിയല്‍ ചടങ്ങിനെതിരെയും ബാലാവകാശ കമ്മീഷന്‍ ഇപ്പോള്‍ കേസെടുത്തു. കുട്ടികളെ ശാരീരികവും മാനസികവുമായി വേദനിപ്പിക്കുന്നതാണ് ചൂരല്‍ മുറിയല്‍ എന്നാണ് കമ്മീഷന്റെ നിരീക്ഷണം.

കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തത് അഭിനന്ദനാര്‍ഹമാണെന്നാണ് ഡോക്റ്റര്‍ ജിനേഷ് പറയുന്നത്. സതി എന്നൊരാചാരം ഉണ്ടായിരുന്നു. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യയും ചിതയില്‍ ചാടി മരിക്കണമെന്ന ആചാരം. നിര്‍ത്തലാക്കാന്‍ വേണ്ടി സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ നിരന്തരം പരിശ്രമിച്ചിരുന്നു. ദൈവ-മത വിശ്വാസത്തിന്റെ ഭാഗമായ ദുരാചാര പ്രോത്സാഹകര്‍ ശക്തിയുക്തം എതിര്‍ത്തിരുന്നു. ചിതയില്‍ ചാടാനുള്ള സ്ത്രീകളുടെ തീരുമാനമെടുക്കാനുള്ള അവകാശത്തില്‍ കൈകടത്താന്‍ പാടില്ല എന്നതായിരുന്നു പ്രധാന എതിര്‍പ്പ്. ഇതേ പോലെ തന്നെയാണ് ചൂരല്‍ മുറിയല്‍ എന്ന ആചാരവും എന്നാണ് അദ്ദേഹം പറയുന്നത്.

ഇത് തികഞ്ഞ അനാചാരമാണ് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണിത്. മാതാപിതാക്കളുടെ നേര്‍ച്ചകളുടെയും വിശ്വാസങ്ങളുടെയും പേരില്‍ വേദന അനുഭവിക്കേണ്ടിവരുന്നത് കുട്ടികള്‍ക്കാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ നിയമപരമായ അധികാരമില്ലാത്ത പ്രായത്തില്‍ കുട്ടികളുടെ ഇഷ്ടം കൊണ്ടാണ് എന്നു പറയുന്നതിനോട് ഒരു യോജിപ്പുമില്ല. ഡോക്ടര്‍ ജിനേഷ് പറയുന്നു.


അതേസമയം കുത്തിയോട്ടം ഈ പറയുന്ന രീതിയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ആചാരമാണെന്നാണ് ചെട്ടികുളങ്ങരം ക്ഷേത്രത്തിലെ കുത്തിയോട്ടം ആശാനായ ഗോപാല കൃഷ്ണപ്പിള്ള പറയുന്നത്. “” ശിവ രാത്രി മുതല്‍ ഭരണി വരെയുള്ള ആചാരമാണ് ഇത് പൈസ ധാരാളം ചിലവാകുന്ന ചടങ്ങാണ് ഇത് 20 ലക്ഷം രൂപയോളം ഇതിന് ചിലവാകും പിന്നെ ഈ ചുരല്‍ മുറിയല്‍ ചടങ്ങില്‍ വളരെ നേരിയ നുലാണ് കോര്‍ക്കുന്നത് ഒരു ഇന്‍ഞ്ചെക്ഷന്‍ എടുക്കുന്ന വേദനയെ ഉണ്ടാകും സ്വന്തം ബന്ധത്തില്‍ ഉള്ള കുട്ടികളെ ഈ ചടങ്ങിന് ഉപയോഗിക്കണമെന്നാണ് അല്ലെങ്കില്‍ ദത്തെടുക്കാം ഇപ്പോള്‍ പലരും ദത്തെടുത്തിട്ട് തന്നെയാണ് ആചാരങ്ങള്‍ നടത്തുന്നത്. ദത്തെടുക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള എല്ലാം ആനുകൂല്യങ്ങളും നല്‍കും പണവും വസ്ത്രവും മറ്റുമെല്ലാം.. അല്ലാതെ ഈ പറയുന്ന രീതിയില്‍ ബാലവേല ഒന്നും അവിടെ നടക്കുന്നില്ല..”” ആശാന്‍ പറയുന്നു.

എന്നാല്‍ കുത്തിയോട്ടത്തിനെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ഉയര്‍ന്ന് വരുന്നുണ്ട്. കുട്ടികള്‍ക്ക് എതിരെയുള്ള ഈ ശാരീരിക പീഡനം നിരോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയായ പ്രോട്‌സഹന്‍ (PROTSAHAN) പ്രധാനമന്ത്രി നരേന്ദ്രമോദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി, കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ഈ ആചാരം നിര്‍ത്തലാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരുടെ ഒപ്പ് ശേഖരിക്കാനാണ് ഈ കാമ്പയിന്‍ ആരംഭിച്ചത്. (https://www.change.org/p/ministry-of-women-child-development-help-stop-chettikulanagara-temple-from-conducting-banned-ritual-on-children)

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.