അന്നത്തെ കാലത്ത് എന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്യിച്ച സിനിമയായിരുന്നു അത്: ചിയാന്‍ വിക്രം
Entertainment
അന്നത്തെ കാലത്ത് എന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്യിച്ച സിനിമയായിരുന്നു അത്: ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd November 2024, 8:27 pm

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്. കൊമേഷ്സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.

തനിക്ക് ചലഞ്ചിങ്ങായി തോന്നിയ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിക്രം. കഥാപാത്രത്തിലേക്ക് മാറാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ദൈവത്തിരുമകളിലാണെന്ന് വിക്രം പറഞ്ഞു. പിന്നീട് തന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്ത സിനിമ അന്യനാണെന്നും മൂന്ന് കഥാപാത്രങ്ങളിലേക്ക് മാറാന്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

രാമാനുജം, റെമോ, അന്യന്‍ എന്നിങ്ങന മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അന്നത്തെ കാലത്ത് വല്ലാതെ പാടുപെട്ടാണെന്നും എന്നാല്‍ ഇന്ന് തനിക്കത് വളരെ എളുപ്പമാണെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. 15 ദിവസം രാമാനുജത്തിന്റ പോര്‍ഷന്‍ ഷൂട്ട് ചെയ്ത ശേഷം 15 ദിവസം ബ്രേക്ക് തന്നിട്ടാണ് റെമോയുടെ പോര്‍ഷന്‍ ഷൂട്ട് ചെയ്തതെന്നും പിന്നീട് 15 ദിവസം ബ്രേക്ക് എടുത്തിട്ടാണ് അന്യന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തതെന്നും വിക്രം പറഞ്ഞു.

ബ്രേക്കുള്ള ദിവസങ്ങളില്‍ തന്റെ വീടിന്റെ ടെറസില്‍ പോയിരുന്ന് താന്‍ വളര്‍ത്തുന്ന പ്രാവുകളെ തുറന്നു വിടുകയും അവ പറക്കുന്നത് നോക്കിയിരിക്കുകയും ചെയ്യുമായിരുന്നെന്ന് വിക്രം കൂട്ടിച്ചേര്‍ത്തു. ആ ദിവസങ്ങളില്‍ താന്‍ ആരോടും സംസാരിക്കാറില്ലായിരുന്നെന്നും കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നെന്നും വിക്രം പറഞ്ഞു. ബീര്‍ ബൈസിപ്പ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു വിക്രം.

‘ക്യാരക്ടറിലേക്ക് മാറാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ദൈവത്തിരുമകളിലാണ്. ഒരു ദിവസവും ഷൂട്ട് കഴിഞ്ഞ് കഥാപാത്രത്തില്‍ നിന്ന് മാറാന്‍ കുറച്ചധികം സമയമെടുത്തിരുന്നു. പിന്നീട് ഏറ്റവുമധികം ബുദ്ധിമുട്ടിയത് അന്യനിലാണ്. മൂന്ന് ക്യാരക്ടറായിരുന്നു ആ ഒരൊറ്റ സിനിമയില്‍ ഉണ്ടായിരുന്നത്. രാമാനുജം, റെമോ, അന്യന്‍. അന്നത്തെ കാലത്ത് മെന്റലി ഒരുപാട് ഡിസ്റ്റര്‍ബ്ഡ് ആയത് അന്യന്റെ സമയത്തായിരുന്നു. ഇന്നാണെങ്കില്‍ എന്നെ സംബന്ധിച്ച് അത് എളുപ്പമാണ്.

അന്ന് എങ്ങനെയായിരുന്നെന്ന് വെച്ചാല്‍, ആദ്യത്തെ 15 ദിവസം രാമാനുജന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്യും, പിന്നെ 15 ദിവസം ബ്രേക്ക് എടുത്ത് റെമോയുടെ പോര്‍ഷന്‍, പിന്നെ 15 ദിവസം ബ്രേക്കെടുത്ത് അന്യന്‍. അങ്ങനെയായിരുന്നു ഷങ്കര്‍ സാര്‍ ഷൂട്ട് പ്ലാന്‍ ചെയ്തത്. ബ്രേക്കുള്ള ദിവസം ഞാന്‍ ഫുഡൊക്കെ കഴിച്ചിട്ട് ടെറസ്സില്‍ പോയി ഇരിക്കും. അവിടെ ഞാന്‍ വളര്‍ത്തുന്ന പ്രാവുകളെ തുറന്നുവിട്ട് അവ പറക്കുന്നത് നോക്കിയിരിക്കും. ആ ദിവസങ്ങളില്‍ ക്യാരക്ടറിലേക്ക് സ്വിച്ച് ചെയ്യുന്നതുകൊണ്ട് ആരോടും സംസാരിക്കാറില്ലായിരുന്നു,’ വിക്രം പറയുന്നു.

Content Highlight: Chiyaan Vikram saying Anniyan disturbed him most in that time