ഗസയിലുണ്ടാകാന്‍ പോകുന്നത് വലിയ മാനുഷിക ദുരന്തം; ഇസ്രഈലിന് മുന്നറിയിപ്പുമായി ചൈന
World News
ഗസയിലുണ്ടാകാന്‍ പോകുന്നത് വലിയ മാനുഷിക ദുരന്തം; ഇസ്രഈലിന് മുന്നറിയിപ്പുമായി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th February 2024, 1:33 pm

ബെയ്ജിങ്: റഫയിലെ ഇസ്രഈലിന്റെ സൈനിക നടപടി എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ ഗസയില്‍ ഗുരുതര മാനുഷിക ദുരന്തം സംഭവിക്കുമെന്ന് ഇസ്രഈലിന് ചൈനയുടെ മുന്നറിയിപ്പ്.

എത്രയും വേഗം സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും നിരപരാധികളായ സാധാരണക്കാര്‍ക്കിടയില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റഫയില്‍ കൂടുതല്‍ വിനാശകരമായ മാനുഷിക ദുരന്തം തടയാനും സാധ്യമായതെല്ലാം ചെയ്യണമെന്നും ഇസ്രഈലിനോട് ആവശ്യപ്പെടുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഗസയിലെ ഫലസ്തീന്‍ പൗരന്മാരെ ദ്രോഹിക്കുകയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന നടപടികളെ ചൈന എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് ചൈന പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

റഫ നഗരത്തില്‍ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന കൂട്ടമായ ആക്രമണം വംശഹത്യയാണെന്ന് ഹമാസ് കഴിഞ്ഞ ദിവസം പറഞ്ഞു. റഫയിലെ ഫലസ്തീനികളെ ഇസ്രഈലി സൈന്യം കൂട്ടക്കൊലക്ക് ഇരയാക്കുകയാണെന്നും നിലവില്‍ നൂറിലധികം രക്തസാക്ഷികളുടെ ജീവന്‍ നെതന്യാഹു അപഹരിച്ചെന്നും ഫലസ്തീന്റെ സായുധ സംഘടനയായ ഹമാസ് ചൂണ്ടിക്കാട്ടി.

റഫയിലെ ജനങ്ങളുടെ വീടുകള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ഇസ്രഈലിന്റെ ക്രൂരമായ ആക്രമണങ്ങളില്‍ ഇതുവരെ 100ഓളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 28,176 ആയി വര്‍ധിച്ചുവെന്നും 67,784 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: China warns Israel over Rafa attack