കോട്ടയം: പൂഞ്ഞാറിലെ തീര്‍ത്ഥാടന കേന്ദ്രമായ പുല്ലപാറ കുരിശടിയിലെ കുരിശില്‍ കുട്ടികള്‍ കയറിയിരുന്ന കേസ് ഒത്തുതീര്‍പ്പാക്കി. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൂഞ്ഞാര്‍ സെന്റ്. മേരീസ് ഫൊറോന പള്ളി നല്‍കിയ പരാതിയില്‍ 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഈരാറ്റുപ്പേട്ട പൊലീസ് സ്റ്റേഷനില്‍ വെച്ച് കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വൈദീകരോടും പള്ളി അധികാരകളോടും പരസ്യമായി മാപ്പ് പറയാമെന്ന വ്യവസ്ഥയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്. സ്ഥലം എം.എല്‍.എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ് നടപടികള്‍ നടന്നത്.
സംഭവത്തെ തുടര്‍ന്ന് വികാരി ഫാ.മാത്യു കടുകുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കുരിശിനെ അവഹേളിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
കുരിശടിയിലെ കുരിശില്‍ കുട്ടികള്‍ കയറിയിരുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുരിശിനെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.
കുട്ടികളുടെ മതം ചൂണ്ടിക്കാട്ടി വര്‍ഗീയവും വിദ്വേഷപരവുമായ കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ക്രൈസ്തവര്‍ ഉണരേണ്ട സമയമായെന്നും പല പ്രൊഫൈലുകളും പങ്കുവെച്ചിരുന്നു. വിവിധ ജില്ലകളില്‍ വ്യത്യസ്ത ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങളും നടത്തി.
എന്നാല്‍ അതേസമയം കുട്ടികള്‍ ചെയ്ത സംഭവത്തെ ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമില്ലെന്നും ഇത് മതപരമായ ധ്രുവീകരണത്തിലേക്കാണ് നയിക്കുകയെന്നും ചൂണ്ടിക്കാട്ടിയും പലരും രംഗത്തെത്തിയിരുന്നു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുസ്‌ലിം നേതാക്കന്മാരും വൈദീകരും സെന്റ്.മേരീസ് പള്ളിയില്‍ യോഗം ചേര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക