ഇനിയെങ്കിലും കോണ്‍ഗ്രസ് ബി.ജെ.പിയെ ശക്തമായി എതിര്‍ക്കാന്‍ തയ്യാറുണ്ടോ? മുഖ്യമന്ത്രി
Kerala News
ഇനിയെങ്കിലും കോണ്‍ഗ്രസ് ബി.ജെ.പിയെ ശക്തമായി എതിര്‍ക്കാന്‍ തയ്യാറുണ്ടോ? മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd September 2023, 9:26 pm

കണ്ണൂര്‍: രാജ്യത്ത് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ അവര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവരല്ലാം പഴയ കോണ്‍ഗ്രസുകാരല്ലേയെന്നും കണ്ണൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് അനുഭവത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കുന്നുണ്ടോ. കോണ്‍ഗ്രസിന് സ്വധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളുടെ അവസ്ഥയെന്താണ്. കോണ്‍ഗ്രസിന്റെ നേതൃനിര ഒരു വിഭാഗമാകെ ബി.ജെ.പിയിലാണിപ്പോള്‍.

ബി.ജെ.പിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവരെല്ലാം കോണ്‍ഗ്രസുകാരല്ലേ. ബി.ജെ.പിയെ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കാന്‍ തയ്യാറുണ്ടോ. മതനിരപേക്ഷതക്കായി വര്‍ഗീയതക്കെതിരെ നിലപാട് സ്വീകരിക്കുന്നുണ്ടോ അവര്‍. അതിന്റെ ദുരന്തം രാജ്യ അനുഭവിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

എം.പിമാരുടെ യോഗത്തില്‍ കേരളം അനുഭവിക്കുന്ന പ്രശ്‌നം അവതരിപ്പിച്ചിട്ടും കോണ്‍ഗ്രസ് സഹകരിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുകൂലമായ നികുതി വിഹിതം നല്‍കുന്നില്ലെന്നും ചോദിക്കുന്നത് ഔദാര്യമല്ലെന്നും അവകാശമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നുവെന്നും, ആരേയെങ്കിലും ആക്ഷേപിക്കുന്ന രീതി സി.പി.ഐ.എമ്മിന് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയം 2023 പരിപാടി ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlight: Chief Minister says Is the Congress ready to strongly oppose the BJP?