തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം നാടിന്റെ സംസ്‌കാരത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങോട്ടാണ് പ്രതിപക്ഷം നാടിനെ നയിക്കുന്നതെന്നും വിഷയത്തില്‍ സമവായ ശ്രമത്തിനാണ് ഭരണപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എന്താണിത്, നമ്മുടെ നാടിനൊരു സംസ്‌കാരമില്ലേ. ആ സംസ്‌കാരത്തില്‍ നിന്ന് മാറിപ്പോകാന്‍ പാടുണ്ടോ. എങ്ങോട്ടാണ് നിങ്ങള്‍ നാടിനെ നയിക്കുന്നത്. സര്‍വകക്ഷി യോഗിത്തില്‍ ഞങ്ങള്‍(ഭരണപക്ഷം) എടുത്ത നിലപാട് സ്പീക്കര്‍ പരിശോധിക്കണം. ഞങ്ങള്‍ ഒരു ധൃതിയും കാണിക്കുന്നില്ല. ഭരണപക്ഷം എപ്പോഴും സമവായത്തിനാണ് ശ്രമിക്കുന്നത്
ഇതാണോ സഭാരീതി, ഇതാണോ സഭയില്‍ സ്വീകരിക്കേണ്ട മാര്‍ഗം. സഭ്യേതര രീതി സഭയില്‍ കാണിക്കാന്‍ പാടില്ല. കോണ്‍ഗ്രസിലും യു.ഡി.എഫിലും വിശ്വസിക്കുന്നവര്‍ ഇത് കാണുന്നില്ലേ,’ മുഖ്യമന്ത്രി പറഞ്ഞു.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനക്കും മുഖ്യമന്ത്രി പ്രസംഗത്തിന് മറുപടി പറഞ്ഞു. അവസരവാദികള്‍ സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുമെന്നും, അത് പൊതുവികാരമായി കണക്കാക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘അവസരവാദികളായ ആളുകളുടെ സുഖിപ്പിക്കുന്ന വര്‍ത്തമാനം കേട്ടുകൊണ്ട്, അതാണ് കേരളത്തിന്റെ പൊതുവികാരം എന്ന് സംഘപരിവാര്‍ കരുതേണ്ട. വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് കേരളത്തിന്റെ രീതി.
എല്ലാ വര്‍ഗീയതയോടും കേരളത്തിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. ബി.ജെ.പി അജണ്ട നടപ്പാക്കാനുള്ള നാടല്ല കേരളം. എന്ത് കാര്യമാണെങ്കിലും കേന്ദ്ര സര്‍ക്കാരോ ബി.ജെ.പിയോ കേരളത്തില്‍ ഒരു ബദലല്ല,’ മുഖ്യമന്ത്രി പറഞ്ഞു.