തിരുവനന്തപുരം: തലശ്ശേരിയില്‍ സംഘപരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നൊക്കെയാണ് മുദ്രാവാക്യം നടപ്പാക്കാനാവില്ലെന്ന് സംഘപരിവാറിന് തന്നെ അറിയാം. എന്നാല്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമിക്കുന്നതാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു. പി. കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലും സംഘപരിവാര്‍ കടന്നാക്രമണം നടത്തുകയാണ്. നിലവില്‍ കേരളത്തില്‍ സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ വര്‍ഗീയത കുത്തിവെക്കുകയാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ഹലാല്‍ വിവാദത്തിന്റെ പേരില്‍ വര്‍ഗീയത പരത്തുകയാണ്.
ഹലാല്‍ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാര്‍ലമെന്റിലെ ഭക്ഷണത്തിലും ഹലാല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ അതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.