കോണ്‍ഗ്രസിനെ കോപ്പിയടിച്ചതിന് നന്ദി; ഇടക്കാല ബജറ്റിനെ പരിഹസിച്ച് പി.ചിദംബരം
national news
കോണ്‍ഗ്രസിനെ കോപ്പിയടിച്ചതിന് നന്ദി; ഇടക്കാല ബജറ്റിനെ പരിഹസിച്ച് പി.ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 2:55 pm

ന്യൂദല്‍ഹി: ഇടക്കാല ബജറ്റ് അവതരിപ്പിച്ച ബി.ജെ.പിയെ പരിഹസിച്ച് പി.ചിദംബരം. ഇന്ത്യയിലെ പാവങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നോട്ടു വെച്ച ആശയങ്ങള്‍ അതേപടി പകര്‍ത്തകയായിരുന്നു ബി.ജെ.പി എന്ന് മുന്‍ ധനകാര്യമന്ത്രി പറഞ്ഞു.

“രാജ്യത്തിന്റെ സ്രോതസ്സുകള്‍ ആദ്യം രാജ്യത്തെ പാവങ്ങള്‍ക്ക് എന്ന കോണ്‍ഗ്രസിന്റെ നയം അതേപടി പകര്‍ത്തിയ ഇടക്കാല ധനകാര്യമന്ത്രിക്ക് നന്ദി” എന്നായിരുന്നു ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.

പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തിലെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് പി ചിദംബരം നേരത്തെ രംഗത്തെത്തിയിരുന്നു .45 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് 7% വളര്‍ച്ച ഉണ്ടായി എന്ന് വിശ്വസിക്കുക എന്നായിരുന്നു ചിദംബരം ചോദിച്ചത്.

Also Read നോട്ട് നിരോധനം വളര്‍ച്ച കൊണ്ടുവന്നെങ്കില്‍ അടുത്ത റൗണ്ടില്‍ നൂറിന്റെ നോട്ട് നിരോധിക്കൂ: പി.ചിദംബരം

നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടെന്ന പിയൂഷ് ഗോയലിന്റെ വാദത്തേയും ചിദംബരം പരിഹസിച്ചു. അങ്ങനെയാണെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കൂ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. ധനകമ്മി ടാര്‍ജറ്റ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

“നോട്ട് നിരോധിച്ച വര്‍ഷത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. അതിനാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്.” ചിദംബരത്തിന്റെ ട്വീറ്റ്.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നേരത്തെയും കേന്ദ്രം ഈ വാദം ഉന്നയിച്ചിട്ടുണ്ട്.

ധനകമ്മി ടാര്‍ജറ്റ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കില്ല എന്ന് താന്‍ പറഞ്ഞത് ശരിയായി എന്നും ചിദംബരം ട്വീറ്റ് ചെയ്തു. ബജറ്റിലെ കേന്ദ്ര സര്‍ക്കാരിന്റെ അവകാശവദാങ്ങള്‍ എല്ലാം തള്ളികളയുന്നതായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.