ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഈ പിഴവുകള്‍ പറ്റിയില്ലായിരുന്നെങ്കില്‍ ബി.ജെ.പി മൂന്നു സീറ്റില്‍ ഒതുങ്ങിയേനെ: കണക്കുകള്‍ ഇങ്ങനെ
Election Results 2018
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഈ പിഴവുകള്‍ പറ്റിയില്ലായിരുന്നെങ്കില്‍ ബി.ജെ.പി മൂന്നു സീറ്റില്‍ ഒതുങ്ങിയേനെ: കണക്കുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 10:05 am

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ബി.എസ്.പിയെ കൂട്ടുപിടിക്കുകയും വിമതന്മാരെ അനുനയിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ബി.ജെ.പി മൂന്നു സീറ്റുലൊതുങ്ങുമായിരുന്നെന്ന് കണക്കുകള്‍.

15 സീറ്റുകളാണ് ഛത്തീസ്ഗഢില്‍ ബി.ജെ.പിക്കു ലഭിച്ചത്. ഇതില്‍ 12 സീറ്റുകളിലും ബി.ജെ.പിയുടെ വിജയത്തെ സ്വാധീനിച്ചത് അജിത് ജോഗിയുടെ പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ്- ബി.എസ്.പി സഖ്യം പിടിച്ച വോട്ടുകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസുമായി ഏറെ അടുപ്പമുണ്ടായിരുന്ന അജിത് ജോഗി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുകയും ചെയ്തത്. ഇല്ലായിരുന്നെങ്കില്‍ ഛത്തീസ്ഗഢില്‍ ഇതിലും തിളക്കമാര്‍ന്ന വിജയം നേടാന്‍ കോണ്‍ഗ്രസിന് ആകുമായിരുന്നു.

Also Read:കോണ്‍ഗ്രസ് ജയിച്ചത് ചതിയിലൂടെ; ബി.ജെ.പിയുടെ തോല്‍വിക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി യോഗിയുടെ വിശദീകരണം

12 സീറ്റുകളിലും വിജയിച്ച മാര്‍ജിനേക്കാള്‍ വോട്ടുകള്‍ ജെ.സി.സി- ബി.എസ്.പി സഖ്യം നേടിയിട്ടുണ്ട്. ഉദാഹരണത്തിന് കുരുദ് സീറ്റില്‍ മന്ത്രിയായിരുന്ന അജയ് ചന്ദ്രകരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. അദ്ദേഹം 72,922 വോട്ടുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയത് സ്വതന്ത്രനായി മത്സരിച്ച കോണ്‍ഗ്രസുകാരനായ നീലം ചന്ദ്രശേഖര്‍ 60,605 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി 26,483 വോട്ടുകളും നേടി. 12317 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ബി.ജെ.പി നേടിയതെന്ന് വ്യക്തമാകുമ്പോഴാണ് വിമതന്‍ തെരഞ്ഞെടുപ്പു ഫലത്തെ എത്രത്തോളം മാറ്റിമറിച്ചുവെന്നു വ്യക്തമാകുന്നത്.

സമീപ പ്രദേശമായ ധാംതാരിയിലെ സ്ഥിതിയും സമാനമാണ്. ഇവിടെ നാലാം തവണയും മത്സരിച്ച കോണ്‍ഗ്രസ് എം.എല്‍.എയായ ഗുര്‍മുഖ് സിങ് ഹോറ 464 വോട്ടിന്റെ മാര്‍ജിനാണ് തോറ്റത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ആനന്ദ് പവാര്‍ 29163 വോട്ടുകളും നേടി.

മറ്റു പത്തു സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം മൂന്നാം മുന്നണിയാണ്. അത് ജെ.സി.സിയായാലും, ബി.എസ്.പിയായാലും സി.പി.ഐ ആയാലും ജി.ജി.പി ആയാലും. ബി.ജെ.പി വിരുദ്ധ വോട്ടുകളില്‍ വലിയൊരു ഭാഗം ഈ പാര്‍ട്ടികള്‍ കയ്യടക്കിയത് ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിച്ചു പോകാന്‍ ഇടയാക്കുകയും അത് കോണ്‍ഗ്രസിന് ദോഷം ചെയ്യുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ 2019ല്‍ ബി.ജെ.പിയ്‌ക്കെതിരെ ഒരു വിശാലസഖ്യം രൂപപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണ് ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പു ഫലവും.