Discourse
ചെറുവള്ളി ഓര്‍ഡിനന്‍സ് നീക്കം; വിദേശതോട്ടം കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാന്‍
എം.പി കുഞ്ഞിക്കണാരന്‍
2020 Jul 21, 01:11 pm
Tuesday, 21st July 2020, 6:41 pm

ഹാരിസണ്‍ മലയാളം, കണ്ണന്‍ദേവന്‍ തുടങ്ങി നിയമവിരുദ്ധമായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുന്ന തോട്ടം കുത്തകളെ സഹായിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ചെറുവള്ളി എസ്റ്റേറ്റ് ഭൂമി വില കെട്ടി ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പിന്നിലുള്ളതെന്ന കാര്യം പുറത്തു വന്നു കഴിഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിന് അണിയറയില്‍ തയാറായികൊണ്ടിരിക്കുന്നു എന്ന് പറയുന്ന ഓര്‍ഡിനന്‍സ് അങ്ങേയറ്റം ജനവിരുദ്ധവും കേരളത്തിലെ റവന്യൂ ഭൂമിയുടെ പാതിയില്‍ കൂടുതല്‍ വരുന്ന അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തട്ടിയെടുത്തിരിക്കുന്ന വിദേശ തോട്ടം കുത്തകകള്‍ക്കും അവരുടെ ബിനാമികള്‍ക്കും നിയമവിരുദ്ധമായ ഭൂഉടമസ്ഥത സ്ഥാപിച്ചെടുക്കാന്‍ സഹായകരവുമായിരിക്കും.

നിലവിലുള്ള നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് മന്ത്രിസഭ എടുത്തിരിക്കുന്ന ഈ തീരുമാനം റദ്ദ് ചെയ്യിക്കുന്നതിനും മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന സത്യപ്രതിജ്ഞാലംഘനത്തിനും ഭരണഘടനാ ലംഘനത്തിനും കുറ്റം ചുമത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടതുമുണ്ട്.

ജനാധിപത്യ ശക്തികളുടേയും ഭൂസമര പ്രസ്ഥാനങ്ങളുടെയും ശക്തമായ സമ്മര്‍ദ്ദത്തിന്റേയും നിരവധി സര്‍ക്കാര്‍ കമ്മീഷനുകള്‍ ഇതിനകം പുറത്തുകൊണ്ടുവന്നിരിക്കുന്ന വസ്തുതകളുടേയും വെളിച്ചത്തില്‍ വിദേശതോട്ടം കുത്തകകളുടെ ഭൂഉടമസ്ഥതയെന്ന പൊള്ളയായ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് ഏഴു ജില്ലകളിലെ സിവില്‍ കോടതികളില്‍ റവന്യൂ വകുപ്പിന്റെ നിര്‍േദശത്താല്‍ ജില്ലാ കലക്ടര്‍മാര്‍ ഇപ്പോള്‍ കേസ്സ് ഫയല്‍ ചെയ്തു കഴിഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ നിയമ വിരുദ്ധമായി കയ്യടക്കിയ സര്‍ക്കാര്‍ ഭൂമി വില കെട്ടി തിരിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഇന്ന് ഏഴു ജില്ലകളില്‍ റവന്യൂ വകുപ്പ് ഫയല്‍ ചെയ്തിരിക്കുന്ന കേസ്സുകളെ അട്ടിമറിക്കുന്നതിനാണ്. കേരള ജനതയോട് ചെയ്യുന്ന അങ്ങേയറ്റം വഞ്ചന പരമായ കുറ്റകൃത്യമാണിത്.

നിലവിലുള്ള നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് മന്ത്രിസഭ എടുത്തിരിക്കുന്ന ഈ തീരുമാനം റദ്ദ് ചെയ്യിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിസഭാഗംങ്ങളും നടത്തുന്ന സത്യപ്രതിജ്ഞാലംഘനത്തിനും ഭരണഘടനാ ലംഘനത്തിനും കുറ്റം ചുമത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കാന്‍ ജനാധിപത്യ ശക്തികള്‍ ആവശ്യമുന്നയിക്കേണ്ടതുണ്ട്.

ചെറുവള്ളി ഭൂമി സര്‍ക്കാര്‍ ഭൂമിയാണന്നും അത് എങ്ങിനെ വിദേശതോട്ടം കുത്തകകളുടേയും അവരുടെ ബിനാമികളുടേയും നിയന്ത്രണത്തിലായി എന്നും തെളിയിക്കുന്ന നിരവധിയായ തെളിവുകള്‍ സുവ്യക്തമായ രേഖകളോടെ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

താഴെ പറയുന്ന വസ്തുതകള്‍ നോക്കൂ,

ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമ (Indian Independence act ) പ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കേണ്ട ലക്ഷക്കണക്കിന്ന് ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ ഉള്‍പ്പെട്ടതാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ നിയമവിരുദ്ധമായി ഗോ സ്പല്‍ ഫൗണ്ടേഷന്‍ ഓഫ് ഏഷ്യക്ക് കൈമാറ്റം ചെയ്ത 2263 ഏക്കര്‍ ഭൂമി.

ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഒരു ലക്ഷം ഏക്കറില്‍ പരം ഭൂമിയും, വ്യാജരേഖകള്‍ ചമച്ചുകൊണ്ട് കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയും കേരള സര്‍ക്കാറിന് അവകാശപ്പെട്ടതാണന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അഞ്ചു കമ്മീഷനുകള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം വ്യക്തമായ രേഖകള്‍ കണ്ടെടുത്തുകൊണ്ടാണ് തയാറാക്കിയിട്ടുള്ളത്.

ഹാരിസണ്‍ കമ്പനി നടത്തിയിട്ടുള്ള ഭൂമി തിരിമറി, കള്ള രേഖ ചമക്കല്‍, വിദേശ നാണയ വിനിമയ നിയമ ലംഘനം: ഭരണഘടനാ ലംഘനം തുടങ്ങി നിരവധി കുറ്റങ്ങളുടെ പേരില്‍, ക്രൈംബ്രാഞ്ച്, വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ നിരവധി ഏജന്‍സികളുടെ അന്വഷണം നേരിടുന്ന ഭൂമിയില്‍പ്പെടുന്നതാണിത്. എല്ലാ അന്വേഷണങ്ങളിലും ഇവര്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയിട്ടുള്ളതും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്റെ മേശപ്പുറത്ത് ഇരിക്കുന്നതുമാണ്.

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം: ഗൂഡാലോചന, സര്‍ക്കാറിന് 100 കോടിയില്‍പരം രൂപയുടെ നഷ്ടമുണ്ടാക്കല്‍ തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഗോ സ്‌പെല്‍ മേധാവി കെ.പി.യോഹന്നാന്‍. ഇതുമായി ബന്ധപ്പെട്ട നിരവധി കേസ്സുകളില്‍ അദ്ദേഹം ഇപ്പോഴും വിചാരണ നേരിടുകയാണ്.

കേരള സര്‍ക്കാര്‍ തന്നെ വിദേശ തോട്ടം കുത്തകകള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നിയോഗിച്ചിട്ടുള്ള
സ്‌പെഷ്യല്‍ ഓഫീസര്‍ 2015 മെയ് 28ന് തിരിച്ച് പിടിച്ച് ഏറ്റെടുത്തിട്ടുള്ള ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി.

2005 ആഗസ്റ്റില്‍ ഏരുമേലി സബ്ബ് റജിസ്ട്രര്‍ ഓഫീസില്‍ ഇന്ത്യന്‍ കമ്പനീസ് രജിസ്‌ട്രേഷന്‍ ആക്ടിനു കീഴില്‍ റജിസ്റ്റര്‍ ചെയ്യുക പോലും ചെയ്യാത്ത, ഇപ്പൊഴും 1906 ലെ ലണ്ടന്‍ റജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് വിദേശത്ത് മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട, കാലഹരണപ്പെട്ട ഹാരിസണ്‍സ് മലയാളം വ്യാജ ആധാരങ്ങള്‍ ചമച്ചുകൊണ്ട് യോഹാന്നാന് ചെറുവള്ളി എസ്റ്റേറ്റിലെ 2263ഏക്കര്‍ ഭൂമി 23429/2005 ആധാര പ്രകാരം അനധികൃതമായും നിയമവിരുദ്ധമായുമാണ് രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നത്.

369/1, 369/2,369/3 തുടങ്ങി 369/7 വരെ, 368/1C തുടങ്ങിയ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട ഭൂമി എന്ന് രേഖകളില്‍ പറയുന്നുവെങ്കിലും സര്‍ക്കാര്‍ കൈവശമിരിക്കുന്ന ആധികാരിക രേഖയായ സെറ്റില്‍മെന്റ് റജിസ്റ്ററിലാകട്ടെ 357/A മുതല്‍ 357/5 വരെ സര്‍ക്കാര്‍ ഭൂമിയാണന്നാണ് രേഖപ്പെടുത്തിയിരിക്കുന്നു.

നിരവധി രേഖകളുടെ പിന്‍ബലത്തില്‍ ഭൂഉടമസ്ഥതയിലുള്ള കേരള സര്‍ക്കാരിന്റെ അവകാശം സ്ഥാപിച്ചുറപ്പിക്കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യത്തിന്റെ റിപ്പോട്ട് അധികാരമേറ്റെടുത്ത ആദ്യ ദിനങ്ങളില്‍ തന്നെ LDF സര്‍ക്കാര്‍ അവഗണിച്ചതിന്റെ കാരണം പകല്‍ പോലെ വ്യക്തമാക്കപ്പെട്ടതാണ്.

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍, ജസ്റ്റിസ് മനോഹരന്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി അക്കാലയളവില്‍ കോടതികളിലുണ്ടായിരുന്ന പല കേസ്സുകളും വാദിച്ചു വിജയിപ്പിച്ചെടുത്ത ഗവ: പ്ലീഡര്‍ അഡ്വ.സുശീല ഭട്ടിനെ അവരുടെ പദവിയില്‍ നിന്ന് നീക്കം ചെയ്യുകയും തല്‍സ്ഥാനത്ത് ഹാരിസണ്‍സിന് വേണ്ടി കേസ്സ് വാദിച്ചവരെ കുടിയിരുത്തുകയും ചെയ്തുകൊണ്ട് കേരള സര്‍ക്കാര്‍ അതിന്റെ കോര്‍പ്പറേറ്റ് സേവ വെളിവാക്കുകയായിരുന്നു.

സര്‍ക്കാറിനും ജനങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമി തട്ടിയെടുത്ത രാജ്യദ്രോഹ ശക്തികള്‍ക്കെതിരെ രാജ്യത്ത് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇതേ രാജ്യദ്രോഹികളുമായി വട്ടമേശ സമ്മേളനം നടത്തി ഈ ഭൂമി വില കെട്ടിയെടുക്കാന്‍ തുനിയുന്നവര്‍ നിലവിലിരിക്കുന്ന നിയമ വ്യവസ്ഥയെ അവഹേളിക്കുകയും ജനായത്തവ്യവസ്ഥയില്‍ വോട്ടവകാശം വിനിയോഗിച്ച് തെരഞ്ഞടുത്തിട്ടുള്ള വോട്ടര്‍മാര്‍ക്കെതിരെ ഗൂഡാലോചന നടത്തുകയുമാണ്.

സര്‍ക്കാര്‍ ഈ ഭൂമിവില കെട്ടി വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്ത് കഴിഞ്ഞാല്‍ അവശേഷിക്കുന്ന ഭൂമി നിയമപരമാക്കി മാറ്റാന്‍ തോട്ടം കുത്തകകളെ സഹായിക്കുകയാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ തീരുമാനത്തിലൂടെ ഉണ്ടാകുന്നത്.

1947 ന് ശേഷം ഗവ: ഓഫ് ഇന്ത്യാ ആക്ട്’ പ്രകാരവും ഇന്ത്യന്‍ ഇന്‍ഡിപെന്റന്റ് ആക്ട് പ്രകാരവും സംസ്ഥാന സര്‍ക്കാറില്‍ വന്നുചേരേണ്ടത് 12 ലക്ഷം ഏക്കര്‍ ഭൂമിയാണെന്ന് കണക്കാക്കപ്പെടുന്നു. അനധികൃതമായി കാഡ്ബറീസ്, ആസാം ബ്രൂക്ക് തുടങ്ങി നിരവധി വിദേശകമ്പനികള്‍ ഇതുവരെയായി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്ന ഭൂമിയുടെ കണക്ക് കൂടി ഉള്‍ക്കൊള്ളുന്നതാണിത്. ഈ ഭൂമിയാകട്ടെ നിയമ വിരുദ്ധമായി ഇന്ന് കൈവശം വെച്ചുകൊണ്ടിരിക്കുന്നത് കോര്‍പ്പറേറ്റുകളും വിവിധ ഇനത്തില്‍പ്പെട്ട മാഫിയകളുമാണ്. കള്ളപ്പണ, മദ്യ, രാജാക്കന്മാര്‍, സിനിമാരംഗത്തെ അധോലോകം/മതമേധാവിത്ത ശക്തികള്‍ തുടങ്ങിയ അധോലോക ക്രിമിനലുകളും ഇവരുമായി കൂട്ടുചേരുന്നു.

കേരള സര്‍ക്കാറിന്റെ ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍ ഹാരിസണും, യോഹാന്നാനും മാത്രമായിരിക്കില്ല. നിയമവിരുദ്ധമായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഈ ജനശത്രുക്കള്‍ കൂടിയാണ്. ഇതോടൊപ്പം സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്ക പ്പെട്ട ഡോ. എം.ജി രാജമാണിക്യം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഭൂമി എന്ന നിലക്ക് ശുപാര്‍ശ ചെയ്തിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയും നിയമപരമാക്കപ്പെടുകയും ജനങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.

ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് നിയമപരമായ പോരാട്ടത്തെയും ഭൂ അവകാശത്തിന് വേണ്ടി ഇന്ന് നടക്കുന്ന ഭൂപ്രക്ഷോഭത്തെയും ശക്തിപ്പെടുത്തിക്കൊണ്ട് ഒരു ബദല്‍ ശക്തിക്ക് രൂപം കൊടുക്കുക എന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. കേരളത്തിലെ റവന്യൂ ഭൂമിയുടെ പാതിയില്‍ ഏറെ വരുന്ന ഈ ഭൂമി തിരിച്ചുപിടിച്ചുകൊണ്ട് ഭൂഉടമസ്ഥാവകാശം ജനകീയ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിലൂടെ മാത്രമേ നവകേരളത്തിന്റെ അടിത്തറ പാകാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് വെളിവാക്കുന്നത്.

കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ദലിത്-ആദിവാസി സമൂഹത്തിനും, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതരായ ഇതര വിഭാഗങ്ങള്‍ക്കും കൃഷി ചെയ്യാന്‍ ഭൂമി ഉറപ്പു വരുത്തേണ്ടതുണ്ട്. ലക്ഷക്കണക്കായ പാര്‍പ്പിട രഹിതരായ കുടുംബങ്ങളുടെ വാസയോഗ്യമായ പാര്‍പ്പിടമെന്ന പ്രശ്‌നവും കേരളത്തില്‍ അടിയന്തിര പരിഹാരം കാത്തുകിടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

എം.പി കുഞ്ഞിക്കണാരന്‍
സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗം