കോഴിക്കോട്: കോണ്‍ഗ്രസുമായി അകന്നപ്പോള്‍ തന്നെ സംരക്ഷിച്ചത് പിണറായി വിജയനാണെന്ന് ചെറിയാന്‍ ഫിലിപ്പ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് വിട്ട ശേഷം ഇന്നുവരെ പിണറായി വിജയനാണ് എന്റെ സംരക്ഷകന്‍. വര്‍ഷങ്ങളായി ഓണത്തിനും വിഷുവിനും ഞാന്‍ ഭക്ഷണം കഴിക്കുന്നത് പിണറായി വിജയന്റെ വീട്ടില്‍വെച്ചാണ്’, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ചപ്പോഴെല്ലാം തനിക്ക് ജയിക്കുമെന്നുറപ്പുള്ള സീറ്റ് നല്‍കണമെന്ന് പിണറായി വിജയന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജില്ലാ ഘടകങ്ങള്‍ മറ്റുള്ളവരുടെ പേര് നിര്‍ദേശിക്കുമ്പോള്‍ സ്വാഭാവികമായി തഴയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ തുടങ്ങിയ പല പദവികളും നല്‍കി പരിഗണിച്ചിട്ടുണ്ടെന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത തനിക്ക് എ.കെ.ജി. സെന്ററില്‍ മുറിയും ഭക്ഷണവും നല്‍കി 20 വര്‍ഷത്തോളം സംരക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിണറായി വിജയന്‍ 1970ല്‍ എം.എല്‍.എ. ആയകാലം മുതല്‍ എനിക്ക് അദ്ദേഹവുമായി അടുപ്പമുണ്ട്. അന്നുമുതല്‍ അദ്ദേഹത്തോട് വലിയ മതിപ്പ് തോന്നിയിട്ടുണ്ട്. പിണറായിയുമായി അടുക്കാന്‍ പ്രയാസമാണ്. അടുത്താല്‍ അകലാനും പ്രയാസം’, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
1967 ല്‍ കെ.എസ്.യുവിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. 1992 ല്‍ അദ്ദേഹം കേരള ദേശീയവേദി എന്ന സംഘടന ആരംഭിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു.
കോണ്‍ഗ്രസില്‍ യുവതലമുറക്ക് വേണ്ടി ശക്തമായി വാദിച്ചിരുന്ന ചെറിയാന്‍ ഫിലിപ് 2001 ലാണ് കോണ്‍ഗ്രസ് വിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക