പെനാൽട്ടി കിട്ടിയാൽ ഇനിയും അടിക്കാം; സതേണ്‍ ഡര്‍ബിയിൽ ബെംഗളൂരുവിനെ വീഴ്ത്തി സൂപ്പർ മച്ചാൻസ്
ISL
പെനാൽട്ടി കിട്ടിയാൽ ഇനിയും അടിക്കാം; സതേണ്‍ ഡര്‍ബിയിൽ ബെംഗളൂരുവിനെ വീഴ്ത്തി സൂപ്പർ മച്ചാൻസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th December 2023, 10:33 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ സതേണ്‍ ഡര്‍ബി മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് തകര്‍പ്പന്‍ ജയം. ബെംഗളൂരു എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈ തകര്‍ത്തുവിട്ടത്.

ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ആതിഥേയര്‍ കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-4-2 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തില്‍ ചെന്നൈയ്ക്ക് അനുകൂലമായി ലഭിച്ച രണ്ട് പെനാല്‍ട്ടി ഗോളിലൂടെ ആയിരുന്നു ചെന്നൈ വിജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ ആറാം മിനിട്ടില്‍ റാഫേല്‍ ക്രിവല്ലാറൊ ആണ് ചെന്നൈയുടെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. പെനാല്‍ട്ടി എടുത്ത താരം പോസ്റ്റിന്റെ വലതുമൂലയിലേക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ചെന്നൈ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 50ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ബെംഗളൂരുവിന്റെ വലയില്‍ എത്തിച്ചുകൊണ്ട് ജോര്‍ദാന്‍ മറൈ ആതിഥേയര്‍ക്കായി രണ്ടാം ഗോള്‍ നേടി. മറുപടി ഗോളിനായി ബെംഗളൂരു മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെന്നൈ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്വന്തം ആരാധകരുടെ മുന്നില്‍ ചെന്നൈ 2-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഐ.എസ്.എല്‍ പോയിന്റ് ടേബിളില്‍ പത്ത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമടക്കം 12 പോയിന്റുമായി ആറാം സ്ഥാനത്താണ് സൂപ്പര്‍ മച്ചാന്‍സ്.

അതേസമയം ബംഗളൂരു എഫ്.സി പത്ത് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയും അടക്കം ഏഴ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

ഡിസംബര്‍ 18ന് പഞ്ചാബ് എഫ്.സിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അതേസമയം ഡിസംബര്‍ 16ന് ബെംഗളൂരു ജംഷഡ്പൂര്‍ എഫ്.സിയെയും നേരിടും.

Content Highlight: Chennaiyin FC beat Bengaluru FC in ISL.