ചെന്നൈ: ദിവസങ്ങള്‍ കഴിയുന്തോറും ചെന്നൈ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും ജീവിതം കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴ മാറ്റമില്ലാതെ തുടരുന്നതോടെ നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വിമാനത്താവളം, ഫാക്ടറികള്‍, മുന്‍നിര ഓട്ടോമൊബൈല്‍ കമ്പനികള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വെള്ളം കയറിയ റോഡുകളില്‍ പലയിടത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് തീവണ്ടിയാത്രക്കാരും വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്ക് വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍ സക്‌സെന ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന് പല സബര്‍ബന്‍ തീവണ്ടികളിലേയും യാത്രക്കാര്‍ പരാതിപ്പെടുന്നുമുണ്ട്.
വിമാനത്താവളത്തിലും ഇതേ സ്ഥിതിയാണ് നിരവധി വിമാനങ്ങളാണ് പുറപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്നത്. വ്യാഴാഴ്ച്ച് രാവിലെ ആറ് മണിവരെയുള്ള എല്ലാ വിമാനങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദ് ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് 200,000 ലക്ഷത്തിലധികം ആളുകള്‍ വീടൊഴിഞ്ഞ് പോയത്. ടി.വി.എസ് മോട്ടോര്‍, അശോക് ലൈലാന്റ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മ്മാണ ശാലകളിലേയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫോര്‍ഡ്, നിസാന്‍ തുടങ്ങിയ കമ്പനികള്‍ തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് ഓട്ടോമൊബൈല്‍ കമ്പനികളിലെ അവസ്ഥയും സമാനമാണ്.
അപകടങ്ങള്‍ ഒഴിവാക്കാന്‍ പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. എ.ടി.എം, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളും ചെന്നൈയില്‍ പലയിടത്തും ഇപ്പോള്‍ ലഭ്യമല്ല.
അതിനിടെ ചെന്നൈയ്ക്കടുത്തുള്ള മുരിടിച്ചൂരില്‍ ജലസംഭരണി തകര്‍ന്നു. ഗ്രാമങ്ങളിലേക്ക് ഇവിടെ നിന്നും ജലത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ഇരുന്നൂറിലധികം പേരാണ് തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ ഇതിനകം മരിച്ചത്.
അതേസമയം ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന് ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതയോട് സംസാരിച്ചു. അതേസമയം ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി അര്‍ധസൈനിക വിഭാഗത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങള്‍ തമിഴ്‌നാട്ടിലെത്തും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചെന്നൈയിലെ പ്രധാന നാലു ജലസംഭരണികളായ ചെമ്പരമ്പാക്കം, പൂണ്ടി, റെഡ്ഹില്‍സ്, ചോഴാവരം എന്നിവ നിറഞ്ഞുകഴിഞ്ഞു. ഇവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.