തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ക്ഷേത്രത്തിന്റേതാണെന്നും അത് പൊതുസ്വത്തായി കാണാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ സുപ്രീം കോടതിക്ക് മാത്രമാണ് അവകാശമുള്ളതെന്നും കോടതിയുടെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും കാലം സ്വത്ത് കാത്തുസൂക്ഷിച്ചതിലൂടെ രാജകുടുംബത്തിന്റെ വിശ്വസനീയതയാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.[]
ജനാധിപത്യം വരുന്നതിന് മുന്‍പ് മാധ്യമങ്ങളുടെ തിളക്കം ഇല്ലാതിരുന്ന കാലത്ത് എന്തിനും സ്വാതന്ത്ര്യം ഉള്ള സാഹചര്യത്തില്‍പോലും സ്വത്തുക്കളിലെ ഒരു തരിമ്പുപോലും നഷ്ടപ്പെടാതെ സൂക്ഷിച്ച രാജകുടുംബത്തെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ അമൂല്യസ്വത്ത് പൊതുസ്വത്താക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.