സമീപ കാലത്തായി മലയാള സിനിമയില്‍ കണ്ടു വരുന്ന ഹൊറര്‍ ത്രില്ലര്‍ ട്രെന്റിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് ചതുര്‍മുഖം. മലയാള സിനിമയിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം.
മഞ്ജു വാര്യര്‍ കൂടി നിര്‍മ്മാണത്തില്‍ പങ്കാളിയായിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ തേജസ്വിനിയായാണ് നടിയെത്തുന്നത്. ആദ്യമായി സിനിമയിലെത്തിയ സമയത്തും പിന്നീട് തിരിച്ചുവരവിലും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കാന്‍ ശ്രദ്ധ കാണിച്ച മഞ്ജു വാര്യര്‍ ഈ ചിത്രത്തിലും ആ പരീക്ഷണം തുടരുകയാണ്.
ട്രെയ്‌ലറില്‍ നിന്നും ചിത്രത്തിലെ ടെക്‌നോ ഹൊറര്‍ ഘടകമായെത്തുന്നത് മൊബൈല്‍ ഫോണാണെന്നത് വ്യക്തമാണ്. ആ ഫോണും അത് പ്രവര്‍ത്തിക്കുന്ന ഭയപ്പെടുത്തുന്ന രീതികളും അതിനു പിന്നിലെ രഹസ്യങ്ങളും കാരണങ്ങളും കണ്ടെത്താന്‍ തേജസ്വിനി നിര്‍ബന്ധിക്കപ്പെടുന്നതാണ് ചതുര്‍മുഖത്തിന്റെ കഥാപശ്ചാത്തലം.
ടെക്‌നോ ഹൊററാണെന്ന് അവകാശപ്പെടാന്‍ പറ്റുന്ന തരത്തില്‍ സിനിമയുടെ മുഴുവന്‍ കഥയെയും പശ്ചാത്തലത്തെയും പേടിപ്പെടുത്തുന്ന രംഗങ്ങളെയുമെല്ലാം സാങ്കേതികവിദ്യയുമായി ചതുര്‍മുഖം ബന്ധിപ്പിച്ചു നിര്‍ത്തുന്നുണ്ട്. പ്രേതം കൂടിയ ഒരു ഫോണും ബാക്കിയെല്ലാം പഴയ പ്രേത പടത്തിന്റെ ആവര്‍ത്തനവുമല്ലേയെന്ന് തോന്നാന്‍ തുടങ്ങുന്ന സമയമാവുമ്പോഴേക്കും പ്രേക്ഷകനെ ടെക്‌നോളജിയുടെ ലോകത്തേക്ക് ചിത്രം തിരിച്ചുകൊണ്ടുവരും.
ചിത്രത്തിലെ ഓരോ മരണങ്ങളെയും വരെ ചെറിയ പോയിന്റുകളിലൂടെ ടെക്‌നോളജിയുമായി ബന്ധപ്പെടുത്താന്‍ തിരക്കഥാകൃത്തുക്കളായ അഭയ കുമാറും അനില്‍ കുര്യനും സംവിധായകരായ രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ശ്രദ്ധിക്കുന്നുണ്ട്.
ചിത്രത്തിലെ അലന്‍സിയറിന്റെ കഥാപാത്രം ഒരിക്കല്‍ പറയും പോലെ ശാസ്ത്രത്തിന് മനസ്സിലാകാത്ത ചില കാര്യങ്ങളെ ശാസ്ത്രീയമായി തന്നെ നേരിടാനാണ് ചിത്രം ശ്രമിക്കുന്നത്. മലയാളത്തിലെ മുന്‍ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രീയ തത്വങ്ങളുമായി കൂടി ബന്ധപ്പെടുത്തിയാണ് ചതുര്‍മുഖം കഥ പറയുന്നത്.
ടെക്‌നോളജി ഉപയോഗിച്ച് പ്രേക്ഷകനെ ഭയപ്പെടുത്താന്‍ ചിത്രത്തെ സഹായിക്കുന്നത് ക്യാമറയും സ്‌പെഷ്യല്‍ ഇഫക്ടസും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവുമാണ്. സാധാരണ പ്രേത സിനിമകളില്‍ കാണുന്നതുപോലെ പ്രേതങ്ങള്‍ തൊട്ടുപിന്നിലും കണ്ണാടിയിലും പ്രത്യക്ഷപ്പെടാതെ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കളുടെ ചലനത്തിലൂടെ ഭയം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.
ചില ഭാഗങ്ങളില്‍ ലോജിക്കല്‍ പ്രശ്‌നം തോന്നിപ്പിക്കുമെങ്കില്‍ പോലും ഫോണ്‍ ക്യാമറ വീക്ഷിക്കുന്നതു പോലെയുള്ള ക്യാമറ ഷോട്ടുകള്‍ പ്രത്യേക മൂഡ് സൃഷ്ടിക്കുന്നുണ്ട്. പക്ഷെ പ്രേതത്തെയോ പ്രേതബാധിതരായവരെയോ കാണിക്കാതെ തന്നെ പേടി സൃഷ്ടിക്കാന്‍ കഴിയുമെന്നും ഇതിലൂടെ ചതുര്‍മുഖം കാണിച്ചു തരുന്നുണ്ട്.
ടെക്‌നിക്കല്‍ വശങ്ങള്‍ക്ക് അപ്പുറത്തേക്ക്, സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യത്യസ്തമായ പ്രമേയങ്ങള്‍ പരീക്ഷിക്കാമെന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്. മാത്രമല്ല, ക്ലൈമാക്‌സ് രംഗങ്ങളില്‍ മറ്റാരെയും രക്ഷകരായി അവതരിപ്പിക്കാതെ തേജസ്വിനിയ്ക്ക് തന്നെ ചിത്രം പ്രാധാന്യം നല്‍കുന്നതും ചതുര്‍മുഖത്തിനോട് താല്‍പര്യം തോന്നിപ്പിക്കുന്ന ഘടകമാണ്. ഇതിനൊപ്പം സ്ത്രീ പുരുഷ സൗഹൃദങ്ങളുടെ ഊഷ്മളതയും ചതുര്‍മുഖം കാഷ്വലായി പറഞ്ഞുവെക്കുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ചതുര്‍മുഖത്തിന്റെ കഥാതന്തു പഴയ വീഞ്ഞിനെ കുറച്ച് പുതുമ തോന്നിപ്പിക്കുന്ന കുപ്പിയിലാക്കി നമുക്ക് മുന്‍പില്‍ വെച്ചിരിക്കുകയല്ലേയെന്ന് ഇടയ്ക്കിടെ തോന്നും. ചിത്രത്തിലെ ഹൊറര്‍ എലമെന്റിന് പിന്നിലുള്ള കാരണങ്ങളും തേജസ്വിനി നെഗറ്റീവ് എനര്‍ജിയെ അതിജീവിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗവുമെല്ലാമാണ് ഇങ്ങനെ ചിന്തിപ്പിക്കുന്നതില്‍ പ്രധാനി.
ഹൊറര്‍ എന്നാല്‍ വെള്ള സാരി ചുറ്റി പാട്ടുപാടുന്ന പ്രേതമല്ലെന്ന ബോധ്യമൊക്കെ വന്നിട്ടുണ്ടെങ്കിലും കേട്ടു പഴകിയ പ്രേതക്കഥകളില്‍ നിന്നും വല്ലാതെ മാറി നടക്കാന്‍ ഇന്നും മലയാള സിനിമ തയ്യാറായിട്ടില്ല.
കൃത്രിമത്വം തോന്നുന്ന അഭിനയവും സംവിധാനത്തിലെ പോരായ്മകളും ക്ലൈമാക്‌സ് രംഗങ്ങളില്‍ തിരക്കഥയില്‍ തന്നെ വന്നിട്ടുള്ള അപാകതകളുമാണ് ചതുര്‍മുഖത്തെ പിന്നോട്ടടിപ്പിക്കുന്ന മറ്റു ഘടകങ്ങള്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യരും സണ്ണി വെയ്‌നും അലന്‍സിയറും മാത്രമല്ല ചില രംഗങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ ചിത്രങ്ങളിലെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും നാടകീയത അനുഭവപ്പെടുന്നുണ്ട്.
ക്ലൈമാക്‌സ് രംഗങ്ങളില്‍ അലന്‍സിയറിന്റെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ആക്ഷനുകളും ഡയലോഗും അത് ഡെലിവര്‍ ചെയ്തിരിക്കുന്ന രീതിയും ആ രംഗങ്ങളുടെ പേടിയും തീവ്രതയും കുറച്ചു കളയുകയും ചെയ്യുന്നുണ്ട്.
പിന്നെ ചിത്രം കണ്ട് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു സംശയം ഗ്രീന്‍ ടീയുടെ പ്രൊഡക്ട് പ്ലേസ്മെന്റ് പരസ്യം ചിത്രത്തില്‍ നടക്കുന്നുണ്ടോയെന്നായിരുന്നു. വരുന്ന എല്ലാ കഥാപാത്രങ്ങളും ഗ്രീന്‍ ടീ കുടിക്കുന്നത് കണ്ടതായിരുന്നു ഇങ്ങനെയൊരു സംശയമുണ്ടാക്കിയത്.
പിന്നെ അവസാനത്തിലെ സണ്ണി വെയ്ന്റെ ഡയലോഗില്‍ ആ സംശയം മാറിക്കിട്ടി.
ചതുര്‍മുഖം വളരെ വ്യത്യസ്തവും മികച്ചതുമായ ഹൊറര്‍ സിനിമായാണെന്നൊന്നും പറയാനാകില്ലെങ്കിലും ട്രീറ്റ്‌മെന്റില്‍ ഒരു പരിധി വരെ പുതുമ അവകാശപ്പെടാനാകുന്ന ചിത്രമാണ്. ഹൊറര്‍ തൊടാന്‍ മടിച്ചു നില്‍ക്കുന്ന മോളിവുഡില്‍ ഇത്തരമൊരു പരീക്ഷണത്തിന് ചതുര്‍മുഖം തയ്യാറായി എന്നതും ശ്രദ്ധേയമാണ്.