വാടാ....; ഒ.ബേബി മുതല്‍ ആര്‍.ഡി.എക്‌സ് വരെ; വിഷ്ണു അഗസ്ത്യയുടെ 2023
Film News
വാടാ....; ഒ.ബേബി മുതല്‍ ആര്‍.ഡി.എക്‌സ് വരെ; വിഷ്ണു അഗസ്ത്യയുടെ 2023
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd September 2023, 3:53 pm

ഓണം സീസണ്‍ 2023ലെ വിന്നറായിരിക്കുകയാണ് ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നീ യുവതാരങ്ങള്‍ അണിനിരന്ന ആര്‍.ഡി.എക്‌സ്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്.

നായകന്മാര്‍ക്കൊപ്പം തന്നെ ചിത്രത്തിലെ വില്ലന്മാരും ശ്രദ്ധ നേടിയിരുന്നു. ഒന്നിലധികം വില്ലന്മാര്‍ എത്തിയ ചിത്രത്തില്‍ ഓരോരുത്തര്‍ക്കും കൃത്യം ഐഡന്റിറ്റി കൊടുക്കാന്‍ എഴുത്തുകാരനായി. നായകന്മാരോളം തന്നെ ശക്തന്മാരായ, വലിയ വെല്ലുവിളി ഉയര്‍ത്തിയ വില്ലന്മാര്‍ തിരക്കഥയുടെ കെട്ടുറപ്പ് കൂടിയാണ് കാണിക്കുന്നത്.

ഇതില്‍ എടുത്തുപറയേണ്ടത് മെയ്ന്‍ വില്ലനെ അവതരിപ്പിച്ച വിഷ്ണു അഗസ്ത്യയുടെ പേരാണ്. പോള്‍സണ്‍ എന്ന കൊടൂരവില്ലനെ അവതരിപ്പിച്ച വിഷ്ണു ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. പോള്‍സണ്‍ ഇല്ലെങ്കില്‍ ആര്‍.ഡി.എക്‌സ് എന്ന സിനിമ പൂര്‍ണമാവില്ല.

രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ രൂപത്തിലും പ്രകടനത്തിലും വിഷ്ണു വരുത്തിയ മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്, പ്രത്യേകിച്ചും കോളനിയില്‍ വെച്ച് നടക്കുന്ന ഫൈറ്റിലും ക്ലൈമാക്‌സില്‍ ആശുപത്രിയില്‍ വെച്ചു നടക്കുന്ന ഫൈറ്റിലും അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവഭേദങ്ങളും വാടാ എന്നുള്ള അലര്‍ച്ചയും.

വിഷ്ണു അഗസ്ത്യയിലൂടെ മികച്ച ഒരു നടനെയാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. 2023ല്‍ പുറത്ത് വന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ആര്‍.ഡി.എക്‌സ്. രഞ്ജന്‍ പ്രമോദിന്റെ ഒ. ബേബിയാണ് ആദ്യത്തേത്. സ്റ്റാന്‍ലി എന്ന വില്ലനായിട്ടായിരുന്നു ഈ ചിത്രത്തിലും വിഷ്ണു അഗസ്ത്യ എത്തിയത്. എന്നാല്‍ ലുക്കിലോ പ്രകടനത്തിലോ ആര്‍.ഡി.എക്‌സിലെ പോള്‍സണുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ട് തലങ്ങളില്‍ നില്‍ക്കുന്നവയായിരുന്നു.

കുശാഗ്രബുദ്ധിയുള്ള, ഏത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത തന്ത്രശാലിയാണ് ഒ.ബേബിയിലെ സ്റ്റാന്‍ലി. ആര്‍.ഡി.എക്‌സിലെ പോള്‍സണെ പ്രതികാര ബുദ്ധിയാണ് മുന്നോട്ട് നയിക്കുന്നത്. തോല്‍ക്കുമെന്നുറപ്പാണെങ്കിലും ശത്രുവിന് നേരെ പേടിയില്ലാതെ പാഞ്ഞടുക്കുന്ന ഒറ്റബുദ്ധിയാണ് അയാള്‍.

ഈ രണ്ട് കഥാപാത്രങ്ങള്‍ വില്ലന്മാരാണെങ്കില്‍ അതില്‍ നിന്നെല്ലാം ബഹുദൂരം മാറിയാണ് 1001 നുണകളിലെ വിനയ്‌യുടെ കഥാപാത്ര സൃഷ്ടി. സക്‌സസ്ഫുള്ളായ ബിസിനസ്മാന്‍ എന്നതിലുപരി, പന്ത്രണ്ടംഗ ഫ്രണ്ട്‌സ് ഗ്യാങ്ങില്‍ പക്വതയോടെയും മനുഷ്യത്വത്തോടെയും പെരുമാറുന്ന ശാന്തനായ മനുഷ്യനാണ് വിനയ്.

ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങള്‍ ഒരേ വര്‍ഷം. മുമ്പ് ആളൊരുക്കം എന്ന സിനിമയിലും ഇന്‍സോംനിയ സീരിസിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടനെന്ന നിലയില്‍ വിഷ്ണു അഗസ്ത്യ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തിയത് 2023ല്‍ ആയിരിക്കും. നടനെന്ന നിലയില്‍ മികച്ച ഒരു മെറ്റീരിയലാണ് വിഷ്ണു. ഏത് കഥാപാത്രത്തിലേക്കും ഇറങ്ങിച്ചെല്ലാനുള്ള കഴിവ് അയാള്‍ക്കുണ്ട്. അത് മലയാള സിനിമ പ്രയോജനപ്പെടുത്തണം.

Content Highlight: Characters and performance of Vishnu Agusthya in 2023