Entertainment
കൈമുട്ടുകൊണ്ട് ചെറുതായൊരു തട്ട്..ഒരു തള്ള്; വര്‍മ സാര്‍ വീണ്ടും; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 18, 01:42 pm
Tuesday, 18th February 2025, 7:12 pm

മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍, ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

മാര്‍ച്ച് 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെ വീതമാണ് പരിചയപ്പെടുത്തുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നത്.

17ാമത്തെ ക്യാരക്ടര്‍ പോസ്റ്ററായി അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് മഹേഷ വര്‍മയുടേതാണ്. സായ്കുമാറാണ് മഹേഷ വര്‍മയായി എത്തുന്നത്. എമ്പുരാന്‍ എന്ന സിനിമയെ കുറിച്ചും മഹേഷ വര്‍മയെ കുറിച്ചും ക്യാരക്ടര്‍ പോസ്റ്ററോടൊപ്പം പുറത്ത് വന്ന വീഡിയോയില്‍ സായ്കുമാര്‍ സംസാരിക്കുന്നു.

സായ്കുമാര്‍ പറയുന്നത്

‘നമസ്‌ക്കാരം, ഞാന്‍ നിങ്ങളുടെ സായ്കുമാര്‍. ലൂസിഫര്‍ എന്ന സിനിമയില്‍ മഹേഷ വര്‍മക്ക് നിങ്ങള്‍ നല്‍കിയ സ്വീകാര്യത, രണ്ടാമത്തെ ഭാഗമായ എമ്പുരാന്‍ എന്ന ചിത്രത്തിലും നല്‍കും എന്ന പ്രതീക്ഷ നിലനില്‍ക്കുന്നു. ഞാനും സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക് എങ്ങനെയായിരിക്കും എന്നുള്ളത് നിങ്ങളെ പോലെത്തന്നെ ഞാനും ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്.

ലൂസിഫര്‍ എന്ന സിനിമയില്‍ ആദ്യം അതിന്റെ എക്‌സിക്യൂട്ടീവ് സിദ്ധു പനയ്ക്കല്‍ എന്നെ വിളിക്കുമ്പോള്‍ എനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ അദ്ദേഹത്തോട് പറയുകയും നമുക്ക് അടുത്ത സിനിമയില്‍ കാണാം എന്ന വാക്കോടെ വെക്കുകയും ചെയ്തു.

പക്ഷെ അതേ നമ്പറില്‍ നിന്ന് നമ്മുടെ പ്രിയപ്പെട്ട രാജു വിളിച്ചു. സുകുവേട്ടന്റെ (സുകുമാരന്‍) മകന്‍ ആയതുകൊണ്ടുതന്നെ നമുക്കെല്ലാം പ്രത്യേകമായ ഒരു വാത്സല്യം അദ്ദേഹത്തോടുണ്ട്. അച്ഛനുമായി വളരെ അടുത്ത ബന്ധമുള്ള ഒരു വ്യക്തിയെന്ന നിലയില്‍ രാജുവിന്റെ ഫോണ്‍ ഞാന്‍ എടുത്തപ്പോള്‍ രാജു എന്റെ അടുത്ത് ചോദിച്ചു ‘എന്താ ചേട്ടാ പ്രശ്‌നം’ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കാലിന് ഇങ്ങനെ ഒരു പ്രശ്‌നമുണ്ട്. നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന്.

അപ്പോള്‍ രാജു പറഞ്ഞു ‘ഒന്നുമില്ല ചേട്ടാ, നടക്കാന്‍ പ്രയാസമാണെങ്കില്‍ നമ്മുടെ കഥാപാത്രം വര്‍മ സാറും അങ്ങനെ ആയിരിക്കും. അതല്ല വീല്‍ ചെയര്‍ ആണെങ്കില്‍ അങ്ങനെ ആയിരിക്കും നമ്മുടെ വര്‍മ സാര്‍’ എന്ന്. അത് പറഞ്ഞിട്ടാണ് ലൂസിഫറിലേക്ക് എന്നെ വിളിച്ചത്. ലൂസിഫറിന്റെ രണ്ടാം വരവിനായി നിങ്ങളെപോലെതന്നെ ഞാനും കാത്തിരിക്കുകയാണ്,’ സായ്കുമാര്‍ പറയുന്നു.

Content highlight: Character poster of Saikumar from Empuraan movie is out