Entertainment
നാല്പതോളം ആര്‍ട്ടിസ്റ്റുകളുള്ള ലൂസിഫറില്‍ എന്നെ രാജു കാസ്റ്റ് ചെയ്തത് വെറുതേയാകില്ലെന്ന് തോന്നി: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 01:35 pm
Wednesday, 19th February 2025, 7:05 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. സംവിധായകന്‍ എന്നതിലുപരി താനൊരു നല്ല നടനാണെന്ന് ഫാസില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രത്തില്‍ ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിച്ചത്.

ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനിലും ഫാസില്‍ വേഷമിടുന്നുണ്ട്. എമ്പുരാനില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഫാസില്‍. എമ്പുരാനില്‍ തനിക്കും വേഷമുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ തനിക്കത് ചെയ്യാതിരിക്കാന്‍ പറ്റിയില്ലെന്ന് ഫാസില്‍ പറഞ്ഞു. ലൂസിഫറിലേക്ക് തന്നെ വിളിച്ചപ്പോള്‍ തനിക്ക് അത് ഒഴിവാക്കാന്‍ സാധിച്ചില്ലെന്നും താനും ഒരു സംവിധായകനായതുകൊണ്ട് പൃഥ്വിരാജ് വെറുതേ അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് തോന്നിയെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

നാല്പതോളം ആര്‍ട്ടിസ്റ്റുകളുള്ള സിനിമയില്‍ തന്നെയും ഒരു കഥാപാത്രമായി പൃഥ്വി വിളിച്ചത് വെറുതേയാകില്ലെന്ന് മനസിലായതുകൊണ്ടാണ് ആ വേഷം ചെയ്തതെന്നും ഫാസില്‍ പറഞ്ഞു. സെറ്റിലെത്തി മേക്കപ്പ് ഇട്ട ശേഷം അഞ്ച് മിനിറ്റ് കൊണ്ട് പൃഥ്വിരാജ് ആ കഥാപാത്രത്തെ നമുക്ക് പറഞ്ഞുതരുമെന്നും ആ ഒരു ചര്‍ച്ചയില്‍ കഥാപാത്രം എത്രമാത്രം വലുതാണെന്ന് മനസിലാകുമെന്നും ഫാസില്‍ പറയുന്നു.

എമ്പുരാന്റെ ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ്ങിന് പോയപ്പോഴാണ് പൃഥ്വിരാജ് എന്ന സംവിധായകപ്രതിഭ എത്രമാത്രം മികച്ചതാണെന്ന് തനിക്ക് മനസിലായതെന്നും അത് കണ്ടപ്പോള്‍ അയാളോട് നന്ദി പറയാതിരിക്കാന്‍ തോന്നിയില്ലെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെ ഇത്രമാത്രം മനസിലാക്കിയ ഒരാളുണ്ടോ എന്ന് തോന്നിപ്പോകുമെന്നും കാസ്റ്റിങ്ങിന്റെ കാര്യത്തിലും മറ്റ് ടെക്‌നിക്കല്‍ മേഖലയിലും പൃഥ്വിരാജിനുള്ള അറിവ് വളരെ വലുതാണെന്നും ഫാസില്‍ പറഞ്ഞു. എമ്പുരാനിലെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിവീലിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞത്.

‘എമ്പുരാനില്‍ ഞാനും ഒരു വേഷം ചെയ്യുന്നുണ്ട്. ലൂസിഫറില്‍ ചെയ്ത അതേ വേഷം തന്നെയാണ് എമ്പുരാനിലും. ലൂസിഫറില്‍ ഒരു വേഷം ചെയ്യാന്‍ രാജു എന്നെ വിളിച്ചപ്പോള്‍ എനിക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. കാരണം, നാല്പതോളം ആര്‍ട്ടിസ്റ്റുകളുള്ള സിനിമയില്‍ എനിക്ക് ഒരു വേഷം രാജു തരുന്നുണ്ടെങ്കില്‍ അത് വെറുതേയാകില്ലല്ലോ.

ലൂസിഫര്‍ ചെയ്ത അനുഭവത്തില്‍ യാതൊരു പ്രിപ്പറേഷനുമില്ലാതെയാണ് എമ്പുരാനിലേക്ക് പോയത്. സെറ്റിലെത്തി കോസ്റ്റിയൂമൊക്കെ ഇട്ട് കഴിഞ്ഞാല്‍ പൃഥ്വി നമ്മളോട് അഞ്ച് മിനിറ്റ് സംസാരിക്കും. ആ ഒരു സംസാരത്തില്‍ നമ്മള്‍ ക്യാരക്ടറിലേക്ക് എത്തും. പിന്നെ എല്ലാം സിമ്പിളായിരുന്നു. ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ്ങിനായി ചെന്നപ്പോള്‍ എന്നെ രാജു എന്ന സംവിധായകപ്രതിഭ എന്നെ അത്ഭുതപ്പെടുത്തി.

കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ അയാള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് നേരത്തെ മനസിലായി. അത് മാത്രമല്ലല്ലോ സിനിമ. മറ്റ് ടെക്‌നിക്കല്‍ കാര്യങ്ങളായ ക്യാമറ മൂവ്‌മെന്റ്, ലൈറ്റിങ്, സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി എല്ലാ കാര്യവും എങ്ങനെ വേണമെന്ന് അയാള്‍ക്ക് കൃത്യമായി അറിയാം. എമ്പുരാനില്‍ അത് ഉടനീളം കാണാന്‍ സാധിച്ചു,’ ഫാസില്‍ പറയുന്നു.

Content Highlight: Character poster of Fazil in Empuraan out now