Film News
സ്വീറ്റ് റിവഞ്ച്; നീരജിന് മോളിവുഡ് നല്‍കേണ്ടത് ട്രോളുകളാണോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 31, 04:04 am
Thursday, 31st August 2023, 9:34 am

മലയാളത്തിലുള്ള യുവതാരങ്ങളില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട നടനാണ് നീരജ് മാധവ്. കോമഡി റോളുകളിലൂടെയും നായകന്റെ കൂട്ടുകാരന്‍ റോളുകളിലൂടെയും സിനിമയിലെത്തിയ നീരജ് അതില്‍ നിന്നും പുറത്ത് കടക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞതോടെയാണ് ഒരു വിഭാഗം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. അടിച്ചേല്‍പ്പിച്ച ഇമേജിനപ്പുറം കടക്കാനുള്ള ശ്രമങ്ങള്‍ അഹങ്കാരമെന്ന് വിമര്‍ശിക്കപ്പെട്ടു. മലയാളത്തില്‍ നായകനായി ഒന്നുരണ്ട് ചിത്രങ്ങള്‍ അദ്ദേഹം അഭിനയിച്ചെങ്കിലും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സ്ഥിരം ശൈലികളില്‍ നിന്നും മാറിനിന്ന മെക്‌സിക്കന്‍ അപാരതയിലെ കഥാപാത്രം നീരജിലെ നടന്റെ മറ്റൊരു തലത്തെ കാണിച്ചുതന്നു.

അദ്ദേഹത്തിലെ നടനെ കൂടുതല്‍ ഉപയോഗിച്ചത് അന്യഭാഷകളായിരുന്നു. ഗൗതം വാസുദേവ മേനോന്റെ സിനിമ വെന്തുതണിന്തതു കാട്, ഫാമിലി മാന്‍ സീരീസ് എന്നിവയായിരുന്നു.

മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലായിരുന്നു ആര്‍.ഡി.എക്‌സില്‍ നീരജ് എത്തിയത്. നീരജിന്റെ കോമഡി ലൈറ്റ് കഥാപാത്രങ്ങളില്‍ മാത്രം കണ്ടവര്‍ക്ക് അദ്ദേഹത്തെ ആര്‍.ഡി.എക്‌സ് പോലെയൊരു അടിപ്പടത്തില്‍ പ്ലേസ് ചെയ്യുന്നതില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ അത് വെറും സംശയം മാത്രമാണെന്ന് നീരജ് തെളിയിച്ചു.

നഞ്ചക്ക് കൊണ്ടുള്ള ഫൈറ്റാണ് നീരജ് അവതരിപ്പിച്ച കഥാപാത്രമായ സേവ്യറിന്റെ പ്രത്യേകത. വെറും 15 ദിവസം കൊണ്ട് നഞ്ചക്കിന്റെ അടിസ്ഥാപാഠങ്ങള്‍ പഠിച്ച നീരജിന്റെ അധ്വാനവും അഭിനന്ദനാര്‍ഹമാണ്. സ്റ്റീരിയോടൈപ്പുകളില്‍ നിന്നും പുറത്തുകടക്കണമെന്നത് വെറും ആഗ്രഹം മാത്രമല്ലെന്നും അതിനുള്ള കഴിവും ആത്മസമര്‍പ്പണവും തനിക്കുണ്ടെന്നും കൂടി തെളിയിക്കുകയാണ് നീരജ്.

ഷെയ്‌നിനേയും ആന്റണിയേയും അപേക്ഷിച്ച് നോക്കുമ്പോള്‍ നീരജിന് ചിത്രത്തില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാണ്. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ കേറി വന്ന് ഏറ്റവുമധികം രോമാഞ്ചം നല്‍കിയ മാസ് രംഗങ്ങള്‍ നല്‍കിയതും നീരജാണ്. ക്ലൈമാക്‌സ് ഫൈറ്റിലെ നീരജിന്റെ എന്‍ട്രിയും സ്‌ക്രീന്‍ പ്രസന്‍സും തിയേറ്ററുകളില്‍ വലിയ കയ്യടിയാണ് ഉയര്‍ത്തിയത്.

സിനിമയുടെ റിലീസിന് മുന്നേ ട്രോള്‍ ചെയ്യപ്പെട്ട സീന്‍ മോനേ ആര്‍.ഡി.എക്‌സിനെ എത്രത്തോളം എലവേറ്റ് ചെയ്യുന്നുണ്ടെന്ന ചിത്രം കണ്ടവര്‍ക്ക് മനസിലാവും. എത്ര സ്റ്റൈലൈസ്ഡായാണ് അയാള്‍ ഫൈറ്റ് ചെയ്യുന്നത്. സഹോദരങ്ങളായ റോബര്‍ട്ടിനും ഡോണിക്കുമൊപ്പം സേവ്യര്‍ എന്ന സുഹൃത്തിന്റെ ബോണ്ടിങ്ങും കെമിസ്ട്രിയും കണ്‍വേ ചെയ്യാന്‍ നീരജിനാവുന്നുണ്ട്. ആര്‍ട്ടിസ്റ്റിക്കലായും കൊമേഴ്‌സ്യലായും ഇനിയും ഉപയോഗിക്കാന്‍ പറ്റുന്ന മെറ്റീരിയലാണ് നീരജ്. അയാള്‍ ഈ ട്രോളുകളൊന്നും അര്‍ഹിക്കുന്നില്ല.

Content Highlight: Character and performance of Neeraj Madhav in RDX