മലയാളത്തിന്റെ 'കജോളും ഷാരൂഖ് ഖാനും'; അസാധ്യ കെമിസ്ട്രി; ശരാശരി മലയാളി ദമ്പതികളുടെ നേര്‍ക്കാഴ്ചയായി മഞ്ജുവും ജഗദീഷും
Film News
മലയാളത്തിന്റെ 'കജോളും ഷാരൂഖ് ഖാനും'; അസാധ്യ കെമിസ്ട്രി; ശരാശരി മലയാളി ദമ്പതികളുടെ നേര്‍ക്കാഴ്ചയായി മഞ്ജുവും ജഗദീഷും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th December 2023, 10:34 pm

നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഫാലിമി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒത്തിണക്കമില്ലാതെ സദാസമയവും കലഹിക്കുന്ന അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്ന കഥയാണ് ചിത്രം പറയുന്നത്. തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ഫാലിമിക്ക് ലഭിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും റിലീസ് ചെയ്തിരിക്കുകയാണ് ഫാലിമി. ഒ.ടി.ടിയിലും റിലീസ് ചെയ്തതോടെ ഫാലിമി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് മഞ്ജുവും ജഗദീഷും അഭിനയിക്കുന്നത്. ചിത്രത്തിലെ ഏറ്റവും രസകരമായ കോമ്പോയാണ് ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങള്‍. കേരളത്തിലെ ഒരു ശരാശരി ഭാര്യഭര്‍ത്താക്കന്മാരുടെ റെപ്രസെന്റേഷനാണ് ഇരുവരും.

ബിസിനസ് നടത്തി പരാജയപ്പെട്ട ജഗദീഷിന്റെ അച്ഛന്‍ കഥാപാത്രം ജീവിതത്തിലും ഒരു പരാജയപ്പെട്ടവനാണ്. കുടുംബത്തിന്റെ കാര്യം നോക്കാനോ ഭാര്യയോടോ മക്കളോടോ സ്നേഹത്തോടെ പെരുമാറാനോ അയാള്‍ക്കാവുന്നില്ല. സ്വന്തം അച്ഛന്‍ കഴിക്കുന്ന മരുന്നേതാണെന്ന് പോലും അയാള്‍ക്കറിയില്ല. ഭര്‍ത്താവ് നോക്കാത്ത കുടുംബത്തെ പോറ്റുന്നത് മഞ്ജു പിള്ള അവതരിപ്പിക്കുന്ന ഭാര്യ കഥാപാത്രമായ രമയും മൂത്ത മകന്‍ അനൂപുമാണ്.

സിനിമയുടെ ഒരു ഘട്ടത്തില്‍ രമ തന്നെ പറയുന്നുണ്ട്, അല്ലെങ്കിലും പരസ്പരം മനസിലാക്കാത്തവര്‍ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന്. മറ്റൊരാളെ ഉദ്ദേശിച്ചാണ് ഇത് പറയുന്നതെങ്കിലും സ്വന്തം ജീവിതത്തിലേക്ക് കൂടിയാണ് അവര്‍ ആ വിരല്‍ ചൂണ്ടുന്നത്.

ചോയ്സുകള്‍ക്ക് പ്രാധാന്യമില്ലാത്ത, കല്യാണം ഒരു അനിവാര്യതയായിരുന്ന കാലത്ത് നടന്ന അറേഞ്ച്ഡ് മാര്യേജായിരിക്കണം രമയുടേത്. അതിനാല്‍ തന്നെ പരസ്പരം വേണ്ടത് പോലെ മനസിലാക്കലോ കരുതലോ ഇല്ലാത്ത, ‘മക്കള്‍ക്ക് വേണ്ടിയുള്ള’ അഡ്ജസ്റ്റ്മെന്റായിരുന്നിരിക്കാം അവരുടേയും ജീവിതം. രമയുടെ ഒരു ഡയലോഗില്‍ തന്നെ ഇത് പ്രതിഫലിക്കുന്നുണ്ട്.

അസാധ്യ കെമിസ്ട്രിയാണ് ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും തമ്മിലുണ്ടായിരുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ ഭാര്യഭര്‍ത്താക്കന്മാരെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനം. ശരാശരി മലയാളി ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്ന കോമണ്‍ പേരാണ് മനുഷ്യാ എന്നത്. ചിത്രത്തിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ രംഗത്തില്‍ മഞ്ജു പിള്ള ജഗദീഷിനെ മനുഷ്യാ എന്ന് വിളിക്കുന്നത് ചിത്രം കണ്ട പ്രേക്ഷകര്‍ മറക്കാനിടയില്ല. ദില്‍വാലേ ദുല്‍ഹനിയേ ലേജായേങ്കേയിലെ ട്രെയ്ന്‍ രംഗത്തിന് സമാനമായി തമാശ രൂപേണ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗവും രസകരമായിരുന്നു. മലയാളി ദമ്പതികളിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ഫാലിമിയിലെ ഈ ദമ്പതികള്‍.

Content Highlight: Character and performance of manju pillai and jagadeesh in falimy movie