മുംബൈ: ഇന്ത്യ എന്നത് അടിമപ്പേരാണെന്നും ഭാരതം എന്ന പേര് രാജ്യത്തിന് നല്‍കണമെന്നും നടി കങ്കണ റണാവത്ത്. സാമൂഹ്യമാധ്യമങ്ങളായ കൂ, ഇന്‍സ്റ്റ്ഗ്രാം എന്നിവയിലായിരുന്നു കങ്കണയുടെ പ്രതികരണം.
പാശ്ചാത്യ ലോകത്തിന്റെ മറ്റൊരു തനിപ്പകര്‍പ്പായി തുടരുകയാണെങ്കില്‍ രാജ്യം ഒരിക്കലും പുരോഗമിക്കില്ലെന്നും താരം തന്റെ കൂ അക്കൗണ്ടില്‍ എഴുതി. വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തില്‍ വേരൂന്നിയവരാണെങ്കില്‍ നാം ഒരു ലോകനേതാവായി ഉയര്‍ന്നുവരുമെന്നും കങ്കണ പറഞ്ഞു.
”ഇന്ത്യ അതിന്റെ പുരാതന ആത്മീയതയിലും ജ്ഞാനത്തിലും വേരൂന്നിയാല്‍ മാത്രമേ ഉയരാന്‍ കഴിയൂ, അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മളെ ഉറ്റുനോക്കും, നഗരവളര്‍ച്ചയില്‍ നാം ഉയര്‍ന്നതാണെങ്കിലും പാശ്ചാത്യ ലോകത്തിന്റെ വിലകുറഞ്ഞ പകര്‍പ്പല്ല, വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തില്‍ വേരൂന്നിയവരാണെങ്കില്‍ നാം ഒരു ലോകനേതാവായി ഉയര്‍ന്നുവരും, നമുക്ക് ഈ അടിമ നാമം ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന പേരിലേക്ക് തിരികെ പോകാമോ?” എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
ട്വിറ്ററില്‍ നിന്ന് നടിയെ ബാന്‍ ചെയ്തതോടെയാണ് കൂ ആപ്പിലേക്കും ഇന്‍സ്റ്റ്ഗ്രാമിലേക്കും കങ്കണ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്.
ഇന്‍സ്റ്റഗ്രാമിലും സമാനമായ പോസ്റ്റ് കങ്കണ പങ്കുവെച്ചിട്ടുണ്ട് ബ്രിട്ടീഷുകാര്‍ ഞങ്ങള്‍ക്ക് അടിമ നാമം നല്‍കി,. സിന്ധു നദിയുടെ കിഴക്ക് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം എന്നും കങ്കണ പറഞ്ഞു.
‘ഭാരതത്തിന്റെ അര്‍ത്ഥം ഞാന്‍ നിങ്ങളോട് പറയാം. ഭാവ്, റാഗ്, താല്‍ എന്നീ മൂന്ന് സംസ്‌കൃത പദങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതെ, അടിമകളാകുന്നതിന് മുമ്പ് ഞങ്ങള്‍ ആരായിരുന്നു, ഏറ്റവും സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ നാഗരികത. എല്ലാ പേരിനും ഒരു വൈബ്രേഷന്‍ ഉണ്ട്, ബ്രിട്ടീഷുകാര്‍ക്ക് ഇത് അറിയാമായിരുന്നു. അവര്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല ആളുകള്‍ക്കും പ്രധാനപ്പെട്ട സ്മാരകങ്ങള്‍ക്കും പോലും പുതിയ പേരുകള്‍ നല്‍കി. നഷ്ടപ്പെട്ട മഹത്വം നാം വീണ്ടെടുക്കണം, നമുക്ക് ഭാരത് എന്ന പേരില്‍ ആരംഭിക്കാം. ‘ എന്നും കങ്കണ പറഞ്ഞു.