കഴിഞ്ഞ ദിവസം സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വി വിശ്വസിക്കാന്‍ ഇപ്പോഴും ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മോശം സ്‌കോര്‍ നേടിയാണ് രാജസ്ഥാന്‍ ആരാധകര്‍ക്ക് മുമ്പില്‍ തലകുനിച്ചുനിന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 10.3 ഓവറില്‍ വെറും 59 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 112 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ഞെട്ടിക്കുന്ന തോല്‍വി.
പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടിറങ്ങിയ രാജസ്ഥാന് ഈ തോല്‍വി താങ്ങാവുന്നതിലുമപ്പുറമായിരുന്നു. തോല്‍വിക്കൊപ്പം ടീമിന്റെ നെറ്റ് റണ്‍റേറ്റിലും വന്‍ ഇടിവുവന്നിരുന്നു.
പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയെങ്കിലും സഞ്ജുവിന്റെയും സംഘത്തിന്റെയും മുന്നോട്ടുള്ള യാത്രയ്ക്കുള്ള വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. മറ്റു മത്സരങ്ങളുടെ വിജയപരാജയങ്ങള്‍ കണക്കിലെടുത്ത് രാജസ്ഥാന് മുന്നേറാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ആ കണക്കുകള്‍ ഇങ്ങനെ-
ഈ സീണിലെ 62ാം മത്സരമായ ഗുജറാത്ത് ടൈറ്റന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ സണ്‍റൈസേഴ്‌സും, ശേഷം നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ലഖ്‌നൗവും പരാജയപ്പെടണം. പഞ്ചാബ് കിങ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ ഫലം പഞ്ചാബിനും, ആര്‍.സി.ബി – എസ്.ആര്‍.എച്ച് മത്സരത്തില്‍ കാര്യങ്ങള്‍ സണ്‍റൈസേഴ്‌സിനും അനുകൂലമാകണം.
ശേഷം തങ്ങളുടെ അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ മികച്ച രീതിയില്‍ പരാജയപ്പെടുത്തണം.
പിന്നീട് നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ദല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തോല്‍പിക്കണം. അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിക്കുകയും വേണം.
എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന് വെല്ലുവിളിയുയര്‍ത്തുന്ന ഫാഫ് ഡു പ്ലെസിയെയും സംഘത്തെയും ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തുവിട്ടാല്‍ നാലാം സ്ഥാനക്കാരായി രാജസ്ഥാന് പ്ലേ ഓഫില്‍ പ്രവേശിക്കാം.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഒന്നാം സ്ഥാനത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനത്ത് ദൈവത്തിന്റെ പോരാളികളും ഉണ്ടാകും. മൂന്നാം സ്ഥാനത്ത് ധോണിപ്പടയും നാലാമതായി സഞ്ജുവിന്റെ രാജസ്ഥാനും പ്ലേ ഓഫില്‍ പ്രവേശിക്കും.