സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
Middle East
സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 7:40 am

റിയാദ്: വരും ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ മുന്നറിയിപ്പ്. ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കനത്ത മഴയായിരിക്കും രാജ്യത്തുണ്ടാകുകയെന്നും അധികൃതര്‍ പറഞ്ഞു.

രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. ഇതുവരെ അമ്പതുപേരെ രക്ഷപ്പെടുത്തി. തലസ്ഥാനമായ റിയാദില്‍ ഇന്ന് രാത്രിയോടെ മഴ കനയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. തബൂക്കില്‍ മലവെള്ളപ്പാച്ചിലില്‍ താഴ്‌വരയില്‍ കുടുങ്ങിയ 49 പേരെ റിയാദ് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു.

റിയാദ് നഗരം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയിലായിരിക്കും മഴ കനക്കുക. അടുത്ത ആഴ്ചയോടെ മക്ക, മദീന അടക്കമുള്ള പ്രദേശങ്ങളിലേക്കും മഴവ്യാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

മഴയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ രാജ്യം ഒരുക്കി കഴിഞ്ഞു. മാത്രമല്ല ദീര്‍ഘയാത്രയും ശക്തമായ മഴയില്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട്.