ചാമ്പ്യന്‍സ് ട്രോഫി 2025: മാച്ചുകളുടെ ആദ്യ ഡ്രാഫ്റ്റ് പുറത്തുവിട്ട് ഐ.സി.സി; ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ 'നടക്കും'
Champions Trophy
ചാമ്പ്യന്‍സ് ട്രോഫി 2025: മാച്ചുകളുടെ ആദ്യ ഡ്രാഫ്റ്റ് പുറത്തുവിട്ട് ഐ.സി.സി; ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ 'നടക്കും'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd August 2024, 9:52 pm

 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മാച്ചുകളുടെ ഡ്രാഫ്റ്റ് ഐ.സി.സി പുറത്തുവിട്ടതായി റിപ്പോര്‍ട്ട്. എല്ലാ ടീമുകള്‍ക്കും ബ്രോഡ്കാസ്റ്റര്‍മാരും അടക്കമുള്ളവര്‍ക്കാണ് ഐ.സി.സി മാച്ചുകളുടെ ആദ്യ രൂപം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിക്ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറില്‍ നടത്താമെന്ന് പി.സി.ബി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ഐ.സി.സിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പ്രകാരമാണ് ഇപ്പോള്‍ പുറത്തുവിട്ട ഡ്രാഫ്റ്റ്.

 

ചാമ്പ്യന്‍സ് ട്രോഫി രണ്ട് രാജ്യങ്ങളിലായി നടത്തുന്നതില്‍ ഐ.സി.സിക്ക് നിലവില്‍ പദ്ധതിയില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഈ ഡ്രാഫ്റ്റ്.

അതേസമയം, ടൂര്‍ണമെന്റിന്റെ ചെലവിനായി 65 മില്യണ്‍ ഡോളറിന്റെ ബജറ്റും ഐ.സി.സി അനുവദിച്ചിരുന്നു. പാകിസ്ഥാന് പുറത്തുവെച്ച് മത്സരങ്ങള്‍ നടത്തുന്നതിനുള്ള ചെലവുകള്‍ ഉള്‍പ്പെടെയാണ് ഈ 65 മില്യണ്‍ ഡോളര്‍ എന്നതും ശ്രദ്ധേയമാണ്.

പാകിസ്ഥാനും ന്യൂസിലാന്‍ഡിനും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പ് ബി-യില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ബി-യിലുള്ളത്.

ഫെബ്രുവരി 19നാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. തൊട്ടടുത്ത ദിവസം ഇന്ത്യയും തങ്ങളുടെ മത്സരത്തിനിറങ്ങും. ബംഗ്ലാദേശാണ് എതിരാളികള്‍.

 

ഐ.സി.സി പുറത്തുവിട്ട ഡ്രാഫ്റ്റ്

(തീയ്യതി – ദിവസം – മത്സരം എന്നീ ക്രമത്തില്‍)

ഫെബ്രുവരി 19- ബുധനാഴ്ച – ന്യൂസിലാന്റ് vs പാകിസ്ഥാന്‍

ഫെബ്രുവരി 20 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ഇന്ത്യ

ഫെബ്രുവരി 21 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 22 – ശനിയാഴ്ച – ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്

ഫെബ്രുവരി 23 – ഞായറാഴ്ച – ന്യൂസിലാന്റ് vs ഇന്ത്യ

ഫെബ്രുവരി 24 – തിങ്കളാഴ്ച – പാകിസ്ഥാന്‍ vs ബംഗ്ലാദേശ്

ഫെബ്രുവരി 25 – ചൊവ്വാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഇംഗ്ലണ്ട്

ഫെബ്രുവരി 26 – ബുധനാഴ്ച – ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 27 – വ്യാഴാഴ്ച – ബംഗ്ലാദേശ് vs ന്യൂസിലാന്റ്

ഫെബ്രുവരി 28 – വെള്ളിയാഴ്ച – അഫ്ഗാനിസ്ഥാന്‍ vs ഓസ്‌ട്രേലിയ

മാര്‍ച്ച് 01 – ശനിയാഴ്ച – പാകിസ്ഥാന്‍ vs ഇന്ത്യ

മാര്‍ച്ച് 02 – ഞായറാഴ്ച – ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്

 

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

 

അതേസമയം, അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് ബി.സി.സി.ഐ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.

പാകിസ്ഥാനിലെത്തി കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ പാക് താരങ്ങള്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരം കളിക്കണെന്ന് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.

 

Content highlight: Champions Trophy 2025: ICC releases draft schedule for the tournament, India to play all matches in Lahore