മെസി 2026 ലോകകപ്പ് കളിക്കുമോ? മുറവിളികള്‍ക്കിടയില്‍ ഉപദേശം നല്‍കി മുന്‍ താരം
Football
മെസി 2026 ലോകകപ്പ് കളിക്കുമോ? മുറവിളികള്‍ക്കിടയില്‍ ഉപദേശം നല്‍കി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th October 2023, 4:42 pm

ലയണല്‍ മെസി എത്ര കാലം അര്‍ജന്റിനന്‍ ടീമിനൊപ്പം കളിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇപ്പോഴിതാ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും എപ്പോഴും വിരമിക്കണമെന്നതിനെ കുറിച്ച് താരത്തിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ അര്‍ജന്റീനന്‍ താരവും ലോകജേതാവുമായ സീസര്‍ ലൂയിസ് മെനോട്ടി.

മെസി അര്‍ജന്റീനയോടൊപ്പം എത്ര കാലം കളിക്കാന്‍ സാധിക്കുമെന്ന് അവനറിയാമെന്നും എപ്പോള്‍ കളി നിര്‍ത്തണമെന്ന് അവന്‍ തീരുമാനമെടുക്കുമെന്നുമാണ് സീസര്‍ ലൂയിസ് പറഞ്ഞത്.

മെസിക്ക് അര്‍ജന്റീനയോടൊപ്പം എത്ര ദൂരം പോവാന്‍ സാധിക്കുമെന്നും എന്തുചെയ്യണമെന്നും അവനറിയാം. അവന്‍ ഇപ്പോള്‍ നന്നായി കളിക്കുന്നു ഇപ്പോള്‍ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം അവനുണ്ട്. അവന്‍ വിജയിക്കുമ്പോള്‍ അവന്റെ കൂടെ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു,’ സീസര്‍ ലൂയിസ് ഡി.എസ് സ്‌പോര്‍ട്‌സ് റേഡിയോയോട് പറഞ്ഞു.

നേരത്തേ 2026 ലോകകപ്പില്‍ അര്‍ജന്റീനക്കൊപ്പം ഉണ്ടാവില്ലെന്ന് മെസി അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്‌കലോണിയുടെ ടീമിലെ സ്ഥിരസാന്നിധ്യമാണ് മെസി. അതുകൊണ്ട് തന്നെ മെസി വരും വര്‍ഷങ്ങളിലും അര്‍ജന്റീനക്കൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

ലയണല്‍ മെസി അര്‍ജന്റീനക്കായി 178 മത്സരങ്ങളില്‍ നിന്നും 106 ഗോളുകള്‍ നേടിയിട്ടുണ്ട്. 2024ല്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മെസി ഉണ്ടാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. അതേ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഫുട്‌ബോളിലും മെസി അര്‍ജന്റീനന്‍ ടീമിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.

2026 ലോകകപ്പിന്റ ആതിഥേയ രാജ്യങ്ങളില്‍ ഒന്ന് അമേരിക്കയാണ്. അതിനാല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ തുടരുകയാണെങ്കില്‍ മെസിക്ക് അടുത്ത ലോകകപ്പിന്റെ ഭാഗമാവാനും അവസരമുണ്ട്.

Content Highlight: Cesar Luis give advice to Lionel Messi when he Retired from football.