ചെന്നൈ: പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ട് വരുന്നതിന് മുമ്പ് കേന്ദ്രസർക്കാർ നിയമ കമ്മീഷനുമായി കൂടിയാലോചിക്കണമായിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി.
പുതിയ മൂന്ന് നിയമങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എസ്.എസ്. സുന്ദർ, എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.
ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നീ നിയമങ്ങളാണ് സർക്കാർ യഥാക്രമം ഇന്ത്യൻ ശിക്ഷ നിയമം(ഐ.പി.സി), ക്രിമിനൽ നടപടി ക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവക്ക് പകരമായി കൊണ്ട് വന്ന നിയമങ്ങൾ. നിലവിൽ നിയമങ്ങളുടെ പേര് മാറ്റിയത് വലിയ രീതിയിൽ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
സാധാരണയായി, ഒരു ചെറിയ ഭേദഗതിയാണെങ്കിൽ പോലും സർക്കാർ പ്രശ്നങ്ങൾ നിയമ കമ്മീഷനെ അറിയിക്കും. വിഷയത്തിൽ കോടതി ഇപ്പോൾ അഭിപ്രായമൊന്നും പറയുന്നില്ലെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയ ചില കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.
‘എന്തൊക്കെയായാലും ചില കാര്യങ്ങൾ അവഗണിക്കാനാവില്ല എന്നതാണ് സത്യം. നിയമങ്ങളുടെ പേര് മാറ്റിയത് വലിയ പ്രശ്‍നം തന്നെ ആണ്. അത് ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്,’ കോടതി പറഞ്ഞു.
ക്രിമിനൽ നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളെ പുതിയ നിയമങ്ങൾ ഇല്ലാതാക്കിയെന്ന് ആർ.എസ്. ഭാരതി ഹരജിയിൽ പറഞ്ഞു. നിയമങ്ങളെ ആയുധമാക്കാനുള്ള സർക്കാരിന്റെ അജണ്ടയാണിതെന്നും ഹരജിയിൽ പറയുന്നു.
കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ചോദിച്ചു. തുടർന്ന് കോടതി നാലാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു.
Content Highlight: Centre should’ve consulted Law Commission before bringing in 3 new laws: Madras HC