ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. സംസ്ഥാനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള സമയം പോലുമെടുക്കാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് ഗുരുതരമായ പിഴവാണ്. ഇത് 21 ദിവസത്തെ ലോക് ഡൗണ്‍ കഴിഞ്ഞതിന് ശേഷം അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതി ആലോചിക്കണം എന്നതിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണ്. സംസ്ഥാനങ്ങള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒരു നോട്ടീസ് പോലും നല്‍കിയില്ല. അത് അടിച്ചേല്‍പിക്കപ്പെടുകയാണുണ്ടായത്’, വീരപ്പ മൊയ്‌ലി പറഞ്ഞു.
വളരെയധികം കുഴപ്പങ്ങളുണ്ട്. വാസ്തവത്തില്‍, ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ സാമ്പത്തിക അടിയന്തിരാവസ്ഥയും ആരോഗ്യ അടിയന്തരാവസ്ഥയും ഉണ്ടാവുകയാണ് ചെയ്തത്. അവരത് ഉദ്ദേശിച്ചില്ലെങ്കില്‍ക്കൂടിയും. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍, അവര്‍ ഇതിനെ കണക്കാക്കുന്നത്, നമ്മളങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തര്‍ദേശീയ അടച്ചുപൂട്ടലും ആഭ്യന്തര അടച്ചുപൂട്ടലും കാരണം വ്യവസായങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാരാവട്ടെ, നയപരമായ നടപടികള്‍ സ്വീകരിക്കുന്നുമില്ലെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇനി ഏപ്രില്‍ 14 ന് ലോക് ഡൗണ്‍ അവസാനിക്കുന്നു എന്നിരിക്കട്ടെ, എന്താണ് അടുത്തത് ചെയ്യാനുള്ളത്? എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്? അത് അപ്പോള്‍ പെട്ടന്നങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയില്ലല്ലോ. എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇപ്പോള്‍ തന്നെ പറയാന്‍ സര്‍ക്കാരിന് കഴിയണം. അതല്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കാവും കാലെടുത്ത് വെക്കേണ്ടി വരുക’, അദ്ദേഹം ചൂണ്ടിക്കാട്ടി.