Advertisement
national news
ട്വിറ്ററിനെ വിടാതെ കേന്ദ്രം; ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ആജ്ഞാപിക്കുന്ന നിലപാടാണ് ട്വിറ്ററിന്റേതെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 27, 01:41 pm
Thursday, 27th May 2021, 7:11 pm

ന്യൂദല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

‘ട്വിറ്ററിന്റെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ തുരങ്കം വെയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമം. രാജ്യത്തെ നിയമങ്ങള്‍ നടപ്പാക്കാന്‍ ട്വിറ്ററും ബാധ്യസ്ഥരാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ആജ്ഞാപിക്കുന്ന നിലപാടാണ് ട്വിറ്ററിന്റേത്,’ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്ന നിയമത്തിനെതിരെ ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കും എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു.

അതേസമയം പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളില്‍ ആശങ്കയുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു.

കോണ്‍ഗ്രസ് ടൂള്‍ക്കിറ്റ് വിവാദത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് എടുത്തതിനിടയിലാണ് ട്വിറ്റര്‍ വീണ്ടും നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ട്വിറ്റര്‍ ഇന്ത്യയിലെ ജനങ്ങളോട് വളരെയധികം പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് മഹാമാരിക്കിടയില്‍ പൊതുവായ സംവാദങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനുമായി ഞങ്ങളുടെ സേവനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭിക്കാന്‍ ഇന്ത്യയിലെ നിയമങ്ങള്‍ പിന്തു ടരാന്‍ ശ്രമിക്കും.

എന്നാല്‍ ലോകത്തെല്ലായിടത്തും ചെയ്യുന്നത് പോലെ സുതാര്യത ശക്തമായി പിന്തുടരുകയും, ഓരോരുത്തരുടെയും ശബ്ദങ്ങളെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധത കാണിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും ചെയ്യും.

ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരുടെയും ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. ഞങ്ങളുടെ ആഗോള ട്വിറ്റര്‍ നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലും ലോകമൊട്ടാകെയും പൊലീസ് നടത്തുന്ന ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളില്‍ ആശങ്കയുണ്ട്,’ എന്നായിരുന്നു ട്വിറ്റര്‍ വക്താവ് പറഞ്ഞത്.

ഇന്ത്യന്‍ സര്‍ക്കാരുമായി ക്രിയാത്മകമായ സംവാദം തുടരുമെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് ടൂള്‍ക്കിറ്റ് ആരോപണമുന്നയിച്ച് ബി.ജെ.പി വക്താവ് സംപിത് പത്ര പങ്കുവെച്ച ട്വീറ്റ് വ്യാജമാണെന്ന് ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിന് കേന്ദ്രം നോട്ടീസ് നല്‍കുകയും ട്വിറ്റര്‍ ഓഫീസുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Centre  Govt Slams Twitter On New IT Law