ദിവസം 271 രൂപയ്ക്ക് പണിയെടുക്കുന്നവരാണ്, ചെയ്ത ജോലിയുടെ കൂലിക്ക് ഇനിയും എത്ര നാള്‍ കാത്തിരിക്കണം?; കൂലി വൈകിപ്പിക്കുന്ന കേന്ദ്രത്തോട് തൊഴിലുറപ്പ് തൊഴിലാളികള്‍ ചോദിക്കുന്നു 
labour issues
ദിവസം 271 രൂപയ്ക്ക് പണിയെടുക്കുന്നവരാണ്, ചെയ്ത ജോലിയുടെ കൂലിക്ക് ഇനിയും എത്ര നാള്‍ കാത്തിരിക്കണം?; കൂലി വൈകിപ്പിക്കുന്ന കേന്ദ്രത്തോട് തൊഴിലുറപ്പ് തൊഴിലാളികള്‍ ചോദിക്കുന്നു 
ശ്രിന്‍ഷ രാമകൃഷ്ണന്‍
Wednesday, 15th January 2020, 3:05 pm

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ട 56 ലക്ഷത്തിലധികം തൊഴിലാളികള്‍ ചെയ്ത പണിയുടെ കൂലി എന്നുവരുമെന്ന ആശങ്കയിലാണ്. എഴ് മാസമായി കൂലിയില്ലാതെയാണ് തൊഴില്‍ ഉറപ്പ് പദ്ധതിയിലുള്‍പ്പെട്ടവര്‍ ജോലി ചെയ്യുന്നത്. പലര്‍ക്കും അവസാനമായി കൂലി അക്കൗണ്ടിലേക്ക് വന്നത് 2019 ജൂലൈയില്‍ ആണ്. ചെയ്ത ജോലിയുടെ കൂലി ലഭിക്കാത്തത് തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ  തൊഴിലാളികള്‍ക്ക് മാത്രം 53.33 കോടി രൂപ കൂലി കുടിശ്ശികയാണ്. സംസ്ഥാനത്ത് 1250 കോടി രൂപ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 271 രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂലി പോലും കൃത്യമായി കൊടുക്കാത്തത് തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ ജില്ലകളിലെ പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ ഡ്യൂള്‍ ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുമായി രൂപപ്പെടുത്തിയ പദ്ധതിയുടെ കേരളത്തിലെ പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. ഇവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിയെ പ്രധാന വരുമാന മാര്‍ഗമായി കാണുന്നവരുമാണ്. ഇവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത പണിയുടെ കൂലി നല്‍കാതെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ 100 പണിയാണ് ലഭിക്കുക. ഇതില്‍ 2019ല്‍ 80 മുതല്‍ 90 പണിവരെ ചെയ്തവര്‍ക്ക്  10 പണിയുടെ കൂലി പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

”എനിക്ക് വരുമാനം ലഭിക്കുന്ന ഏക ശ്രോതസ്സ് തൊഴിലുറപ്പ് പദ്ധതിയാണ്. 2019ല്‍ 81 പണിയെടുത്തിട്ടുണ്ട്. എന്നാല്‍ 10 പണിയുടെ കൂലി മാത്രമാണ് ഇതുവരെ അക്കൗണ്ടിലേക്ക് വന്നത്. ജൂലായ് ആറിനാണ് എന്റെ അക്കൗണ്ടിലേക്ക് അവസാനമായി തുക വന്നത്. ഇതിനു ശേഷം ചെയ്ത പണിയുടെ കൂലി ആറ് മാസമായിട്ടും കിട്ടിയിട്ടില്ല”. തൊഴിലുറപ്പ് തൊഴിലാളിയായ ദേവി തലകുളത്തൂര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തലകുളത്തൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടേതും സമാനമായ അവസ്ഥയാണ്. 70 മുതല്‍ 80 പണിയുടെ കൂലി തൊഴിലാളികള്‍ക്ക് കിട്ടാനുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്.
സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ പദ്ധതി ഓവര്‍സിയര്‍മാര്‍ തൊഴിലാളികളുടെ ചോദ്യത്തിന് മറുപടിയില്ലാതെ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇതാദ്യമായാണ് വേതനത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു അനിശ്ചിതാവസ്ഥ ഉണ്ടാകുന്നതെന്ന് പേരാവൂര്‍ പഞ്ചായത്തിലെ പദ്ധതി ഓവര്‍സിയറായ ജിഷ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ അവിദഗ്ദ തൊഴിലാളികളുടെ കൂലിയിനത്തില്‍ 44.48 കോടി രൂപയും, അസംസ്‌കൃത വസ്തുക്കളുടെ വിലയായ 7.38 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാനുണ്ട്. എന്നാല്‍ ഇത് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്ന് കണ്ണൂര്‍ ജില്ല ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായ കെ.എം രാമകൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട്  പ്രതികരിച്ചു.

”തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ണൂര്‍ ജില്ലയിലുമുണ്ട്. 53.33 കോടി രൂപയാണ് കണ്ണൂര്‍ ജില്ലയ്ക്ക് മാത്രമായി ലഭിക്കാനുള്ളത്. ജനുവരിയില്‍ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കുറച്ച് പൈസ കൂലിയിനത്തല്‍ വന്നിട്ടുണ്ട്.”. കെ.എം രാമകൃഷ്ണന്‍ പറഞ്ഞു.

സമാനമായ അവസ്ഥ തന്നെയാണ് ഇടുക്കി ജില്ലയിലുമെന്ന് ഇടുക്കിയിലെ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററായ ബിന്‍സ്. സി. തോമസ് പറയുന്നു. ഇടുക്കി ജില്ലയില്‍ 50 കോടിയിലധികം രൂപ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക ഇനത്തില്‍ കിട്ടാനുണ്ട്. ആറ് മാസമായി ശമ്പളം ലഭിക്കാത്തത് വലിയൊരു ശതമാനം തൊഴിലാളികളെയും നിരാശരാക്കിയിട്ടുണ്ട്. ശമ്പളം കൃത്യ സമയത്ത് ലഭിക്കാത്തത് തൊഴിലാളികള്‍ക്ക് പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. 271 രൂപ ദിവസ വേതനം വാങ്ങിക്കുന്നവരുടെ ശമ്പളം ആറും ഏഴും മാസം വൈകിപ്പിക്കുന്നത് ന്യായീകരിക്കാന്‍ ആകില്ല. നിലവില്‍ വലിയൊരു തുക ശമ്പള കുടിശിക ഉള്ളത് കൊണ്ട് ജോലിക്ക് വരാന്‍ തൊഴിലാളികള്‍ക്ക് വിമുഖത ഉണ്ട്” ബെന്‍സ് സി തോമസ് പറഞ്ഞു.

ശമ്പളം കേന്ദ്രത്തില്‍ നിന്ന് വരാത്തതാണ് പ്രശ്നം. തൊഴിലുറപ്പ് പദ്ധതിയുടെ നിയമ പ്രകാരം ഒരു തൊഴിലാളി ആറ് ദിവസം ജോലി ചെയ്താല്‍ ഒരു ദിവസം അവധി അനുവദിക്കണമെന്നും എട്ടാമത്തെ ദിവസത്തില്‍ ശമ്പളം ലഭിക്കണമെന്നുമാണ്. അതുകൊണ്ട് തന്നെ പഞ്ചായത്ത് തലത്തില്‍ ഈ എട്ട് ദിവസത്തിനുള്ളില്‍  വേതനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചു നല്‍കും. പിന്നീട് ശമ്പളം വൈകിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ബെന്‍സ് സി തോമസ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി തൊഴിലാളികള്‍ക്ക് 1250 കോടി രൂപ കിട്ടാനുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. തൊഴിലാളികളുടെ കൂലി വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എ.സി മൊയ്തീന്റെ ഓഫീസ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.