തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സോളാര്‍ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സരിതാ നായരോട് വിശദാംശങ്ങള്‍ തേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസന്വേഷണ പുരോഗതിയെ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ സരിതാ നായരോട് ചോദിച്ചത്.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാര്യമാണ് അന്വേഷണ ഏജന്‍സികള്‍ വിശദീകരണം ചോദിച്ചത്. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര മന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണു ഗോപാല്‍, മുന്‍ എം.പി അടൂര്‍ പ്രകാശ്, എം.പി ഹൈബി ഈഡന്‍, സോളാര്‍ വിവാദ കാലത്ത് ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ക്ക് ശ്രമിച്ച ബെന്നി ബെഹന്നാന്‍ എം.പി തുടങ്ങിയവരെക്കുറിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സരിതയോട് ചോദിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈ തിരുവനന്തപുരം എന്നിവിടങ്ങളിലെത്തിയാണ് സരിതയില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞത്.
എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്തെങ്കിലും കേസന്വേഷണം നടത്തിയില്ലെന്ന് സരിത നായര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സരിതയുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന സംരഭത്തെക്കുറിച്ചും കേസിന്റെ പുരോഗതിയെക്കുറിച്ചും അന്വേഷിച്ചതായും സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘കേന്ദ്ര അന്വേഷണ ഏജന്‍സികളാണെന്നാണ് പരിചയപ്പെടുത്തിയത്. ഒന്നു രണ്ടു തവണ ദല്‍ഹിക്ക് വരാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ പരമായ വിഷയങ്ങളിലോട്ട് പോകുമോ എന്ന ചിന്ത കൊണ്ടും പോയില്ല. കേരള സര്‍ക്കാര്‍ എന്ത് നിലപാടാണ് എടുക്കുക എന്ന് നോക്കട്ടെ അതിനനുസരിച്ച് മുന്നോട്ട് പോകാം,’ സരിതാനായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിനായി നിന്നു കൊടുക്കാന്‍ താത്പര്യമില്ല. തനിക്ക് നീതി കിട്ടിയിട്ടില്ല. അതിനായി ഏതറ്റം വരെയും പോകുമെന്നും സരിത പറഞ്ഞു.
സോളാര്‍ കേസിനെ സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പ്രാഥമിക വിവരങ്ങള്‍ നല്‍കുന്നതിനായാണ് തന്നെ സമീപിച്ചതെന്നും സരിത വ്യക്തമാക്കി.
ഈ കേസ് ഇപ്പോഴെവിടെയാണ് എത്തിനില്‍ക്കുന്നതെന്നും നിങ്ങളെത്രത്തോളം ഈ കേസില്‍ സഹകരിച്ചിട്ടുണ്ട് എത്ര കേസുകളില്‍ എഫ്.ഐ. ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നീ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.