ഇനിയും മിണ്ടാതിരിക്കാനാവില്ല; വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് സുപ്രീംകോടതി
Covid Vaccine
ഇനിയും മിണ്ടാതിരിക്കാനാവില്ല; വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd June 2021, 5:10 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാക്‌സിന് വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞു.

ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിനും അതില്‍ താഴെയുള്ളവര്‍ക്ക് പണമടച്ച് വാക്സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

18- 44 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആശുപത്രി പ്രവേശനം, മരണം എന്നിവയുള്‍പ്പെടെയുള്ള അണുബാധയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും അനുഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പകര്‍ച്ചവ്യാധിയുടെ മാറുന്ന സ്വഭാവംമൂലം 18- 44 വയസ് പ്രായപരിധിയിലുള്ളവരേയും വാക്സിനേറ്റ് ചെയ്യേണ്ട സാഹചര്യമാണ്.

ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യത്യസ്ത പ്രായവിഭാഗങ്ങള്‍ക്കിടയില്‍ മുന്‍ഗണന നിലനിര്‍ത്താമെന്നും കോടതി പറഞ്ഞു.

18-44 വയസിനിടയിലുള്ള വ്യക്തികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, ആദ്യ രണ്ട് ഘട്ടങ്ങളില്‍ സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും 18- 44 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് പണം നല്‍കി വാക്സിനേഷന്‍ നടത്തുകയും ചെയ്യുന്നത് ഏകപക്ഷീയവും വിവേചനപരവുമാണ്.

പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഭരണകൂട നയങ്ങള്‍ മൂലം ലംഘിക്കപ്പെടുമ്പോള്‍ കോടതികള്‍ക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സൗജന്യ വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Central Govt Vaccine Policy Supreme Court