ന്യൂദല്‍ഹി: ഇന്ത്യയില്‍ വൈദ്യുതി വിതരണം പൂര്‍ണമായി സ്വകാര്യ മേഖലയ്ക്കു കൈമാറുന്നു. ഇതിനായി കേന്ദ്ര വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് മോദി സര്‍ക്കാറിന്റെ നീക്കം.നിയമം വിലനില്‍ വന്നാല്‍ കേരളത്തിലടക്കം വൈദ്യുതി നിരക്കു കുത്തനെ ഉയരും.
2003ലെവൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വൈദ്യുതി വിതരണം പൂര്‍ണമായി സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന തരത്തിലാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്.
ബില്‍ അനുസരിച്ച് വൈദ്യുതി മേഖലയെ രണ്ടായി വിഭജിക്കും. ഡിസ്ട്രിബ്യൂഷന്‍, സപ്ലൈ എന്നിങ്ങനെ. ഡിസ്ട്രിബ്യൂഷന്‍ പൊതുമേഖലയിലായിരിക്കുമെങ്കിലും സപ്ലൈ പൂര്‍ണമായി സ്വകാര്യവത്കരിക്കും.
ലൈന്‍ വലിക്കുക, പോസ്റ്റുകളും ട്രാന്‍സ്‌ഫോമറുകളും സ്ഥാപിക്കുക, ഇവയുടെ സംരക്ഷണം തുടങ്ങിയ ചുമതലകളാണ് ഡിസ്ട്രിബ്യൂഷന്‍ മേഖലയിലുണ്ടാവുക. വൈദ്യുതി വിതരണം ചെയ്യലാണ് സ്‌പ്ലൈ വിഭാഗത്തിനുള്ള ചുമതല.
സ്വകാര്യവത്കരണ നീക്കത്തിന്റെ ഭാഗമായി ഫ്രാഞ്ചൈസി എന്ന പദം ഭേദഗതിയിലൂടെ വൈദ്യുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കും സപ്ലൈയ്ക്കുള്ള ലൈസന്‍സ് എടുക്കാം. ഒരു പ്രദേശത്ത് ഒന്നിലേറെ പേര്‍ക്ക് ലൈസന്‍സ് എടുക്കാം. ഇതിനായി കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ബാലന്‍സ് ഷീറ്റ് എന്നിങ്ങനെയുള്ള രേഖകളൊന്നും തന്നെ ആവശ്യമില്ല. വൈദ്യുതി ലൈസന്‍സി തീരുമാനിക്കുന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ സാധിക്കും.
വൈദ്യുതി പണക്കാര്‍ക്കു മാത്രം ഉപയോഗിക്കുന്ന ഉല്പന്നമായി മാറുന്ന സ്ഥിതിയാണ് ഈ നിയമം നിലവില്‍ വന്നാലുണ്ടാവുക. പല സംസ്ഥാനങ്ങളും ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയും സാമ്പത്തിക നില മെച്ചമായവര്‍ക്ക് ഉയര്‍ന്ന നിരക്കും ഈടാക്കുന്നുണ്ട്. പുതിയ ഭേദഗതി അനുസരിച്ച് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവില്ല.
സംസ്ഥാന തലങ്ങളില്‍ നിരക്ക് നിര്‍ണ്ണയിക്കാന്‍ ചുമതലയുള്ള റെഗുലേറ്ററി കമ്മീഷനെ നിയോഗിക്കാനുള്ള അവകാശവും ഇനി കേന്ദ്ര സര്‍ക്കാറിനായിരിക്കും. ചീഫ് സെക്രട്ടറിയോ, ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം തീരുമാനിക്കുന്ന ജഡ്ജിയോ കേന്ദ്ര റെഗുലേറ്ററി അതോറിറ്റി പ്രതിനിധി എന്നിവരടങ്ങുന്ന പാനല്‍ സംസ്ഥാന കമ്മീഷനെ നിശ്ചയിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.