ന്യൂദല്‍ഹി: രാജ്യത്ത് ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശി അജയ് എസ്. കുമാറിന് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്? എത്ര വിതരണം ചെയ്തു എന്ന ചോദ്യത്തിനായിരുന്നു മറുപടി ലഭിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചിരുന്നു.
കേന്ദ്രത്തിന്റെ ഭക്ഷ്യക്കിറ്റ് ആണ് കേരളം സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്ന തരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍ എന്നിവരും പറഞ്ഞിരുന്നു.