മുംബൈ: കേന്ദ്ര ഏജന്‍സികളുടെ റെയ്ഡില്‍ നിന്ന് രക്ഷ തേടാന്‍ എത്രയും പെട്ടെന്ന് ബി.ജെ.പിയുമായി സഖ്യം ചേരണമെന്ന് ശിവസേന എം.എല്‍.എ. പ്രതാപ് സര്‍നായിക്. ഇക്കാര്യമാവശ്യപ്പെട്ട് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയ്ക്ക് സര്‍നായിക് കത്തയച്ചു.
മുംബൈ, താനെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തതിനാല്‍ ഒട്ടും വൈകാതെ മുന്‍ സഖ്യകക്ഷിയുമായി ബന്ധം സ്ഥാപിക്കണമെന്നാണ് സര്‍നായികിന്റെ ആവശ്യം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരന്തരം അപമാനിക്കുകയാണെന്നും സര്‍നായിക് പറയുന്നു.
‘പല കേന്ദ്ര ഏജന്‍സികളും എനിക്കും മറ്റ് നേതാക്കളായ അനില്‍ പരബിനും രവീന്ദ്ര വൈക്കര്‍ക്കും പിന്നാലെയാണ്. ഞങ്ങളേയും കുടുംബത്തേയും നിരന്തരം അപമാനിക്കുന്നു,’ സര്‍നായിക് പറഞ്ഞു.
മോദിയുമായി നല്ല ബന്ധമുണ്ടാകുന്നത് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ നല്ലതായിരിക്കുമെന്നും സര്‍നായിക് കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 10 നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി സര്‍നായിക് കത്ത് നല്‍കിയിരിക്കുന്നത്.