ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് മറുപടിയുമായി കേന്ദ്രം. നീതി ആയോഗ് അംഗവും ഇന്ത്യയുടെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയുമായ വി.കെ പോളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്.
‘രോഗബാധിതരില്‍ 0.05 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 0.3 ശതമാനമാണ് അവര്‍(ന്യൂയോര്‍ക്ക് ടൈംസ്) പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അവരിത് തീരുമാനിച്ചത്. അഞ്ച് ആളുകള്‍ ഒത്തുചേര്‍ന്ന് പരസ്പരം ഫോണ്‍ വിളിച്ച് തീരുമാനിച്ച കണക്കാണിത്. അല്ലാതെ ഇതിന് യാതൊരു അടിസ്ഥാനവുമില്ല,’ഡോ. പോള്‍ ആരോപിച്ചു.
രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഗണ്യമായി കൂടുമ്പോഴും അടിസ്ഥാന രഹിതമായ കണക്കുകളാണ് കേന്ദ്രം പുറത്തുവിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘പുറത്തുവരുന്ന കണക്കുകള്‍ക്ക് യാതൊരു തെളിവുകളുടെ പിന്തുണയുമില്ല, വികലമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണിത്. ഇന്ത്യയുടെ കൊവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയാകാന്‍ സാധ്യതയുണ്ട്,’ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.