ന്യൂദല്‍ഹി: പോലീസ് സ്‌റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളിലും മൂന്ന് മാസത്തിനകം സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി. ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കി ജൂലൈ 18നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി നടപടി നേരിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, സി.ബി.ഐ, റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്നിവിടങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് 2018ലും 2020ലും സുപ്രീംകോടതി വിധികള്‍ പുറപ്പെടുവിച്ചിരുന്നു.
പോലീസ് സ്‌റ്റേഷനുകളുടെയും അന്വേഷണ ഏജന്‍സികളുടെയും സുതാര്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും വിധി പ്രത്യേകിച്ച് ആര്‍ക്കെങ്കിലുമെതിരായിട്ടുള്ളതല്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിശദീകരിച്ചു.
സുപ്രീംകോടതി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും നിലവില്‍ കര്‍ശന നടപടികളെടുക്കുന്നില്ലെങ്കിലും മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി അറിയിച്ചു. സമയമുണ്ടായിട്ടും സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെയും 26 സംസ്ഥാന സര്‍ക്കാരുകളുടെയും നടപടിയില്‍ കോടതിക്ക് അതൃപ്തിയുണ്ട്.
ഗോവ, മിസോറാം എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് വിഷയത്തില്‍ കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയത്.
സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ മാര്‍ച്ച് 29നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ ഇതുവരെയും സത്യവാങ്മൂലം സമര്‍പ്പിക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഏഴ് കേന്ദ്ര അന്വേഷണ ഏജന്‍കളില്‍, നാലെണ്ണത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആത്മാര്‍ത്ഥമായ ഒരു നടപടികളും സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ഹൃദയശൂന്യമാണെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: CC TV should install in police stations within 3 months: Supreme Court; Kerala is the only state which has not submitted an affidavit