ന്യൂദല്‍ഹി: മുന്‍ ടെലികോം മന്ത്രി എ. രാജയ്‌ക്കെതിരെ സി.ബി.ഐ അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തു. രാജയുടെ ഭാര്യയുള്‍പ്പടെ പതിനഞ്ച് പേര്‍ രാജയ്‌ക്കൊപ്പം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1999-2010 കലയളവില്‍ ബന്ധുക്കള്‍ മുഖാന്തരം 27.92 കോടിയുടെ സ്വത്തുക്കള്‍ രാജസ്വന്തമാക്കിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദല്‍ഹി, ചെന്നൈ, കോയമ്പത്തൂര്‍,തിരുച്ചി, പെരമ്പലൂര്‍ എന്നിവിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി.
വരുമാന നികുതി രേഖകള്‍, സ്വത്ത് വിവര രേഖകള്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച്ച ഏറെ വൈകിയും പരിശോധന തുടര്‍ന്നു. ന്യൂദല്‍ഹിയിലെ രാജയുടെ വസതിയില്‍ നിന്നും ലോക്കര്‍ താക്കോല്‍, അഞ്ച് ഡയറികള്‍, എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കോടിക്കണക്കിന് രൂപ ദല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് അയച്ചതിന്റെ വിവരങ്ങള്‍ ഡയറിയിലുണ്ടെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജയുടെ ഭാര്യ പരമേശ്വരി, ബന്ധുവായ പര്‍മേഷ് കുമാര്‍, സഹായിയായ സി. കൃഷ്ണമൂര്‍ത്തി, മറ്റൊരു സഹായിയുടെ ഭാര്യ രേഹ ബാനു, ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുന്‍ ഡയറക്ടര്‍ സാദിഖ് ബാഷ എന്നിവര്‍ക്കെതിരെയാണ് കേസ്.
നിലവില്‍ 2ജി സപെക്ട്രം കേസില്‍ വിചാരണ നേരിടുകയാണ് രാജ. 2ജി സപെക്ട്രം കേസിന്റെ അന്വേഷണത്തിന്റെ ഫലമായാണ് സ്വത്ത് സമ്പാദനക്കേസും രജിസറ്റര്‍ ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2ജി കേസിന്റെ അന്വേഷണത്തിനായി പിടിച്ചെടുത്ത രേഖകളില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വത്ത് സമ്പാദനക്കേസിലേക്ക് നയിക്കുന്ന തെളിവുകളും ലഭിച്ചത്.
അതേസമയം സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ രാജയ്‌ക്കെതിരെയും 2ജി കേസിലെ മറ്റൊരു പ്രതിക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപ്ത്രം തയ്യാറാക്കാനും സാധ്യതയുണ്ട്. ന്യായ വിചാരണയുടെ അവസാന ഘട്ടത്തിലാണ് 2ജി കേസ് ഇപ്പോള്‍.