Daily News
ഉന്നതതല സുരക്ഷാ യോഗത്തില്‍ സി.ബി.ഐ ഡയറക്ടര്‍ ഉറങ്ങുന്ന ചിത്രം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 30, 06:17 am
Sunday, 30th November 2014, 11:47 am

ranjitഗുവാഹത്തി: ആഭ്യന്തര സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടത്തിയ യോഗത്തില്‍ സി.ബി.ഐ ഡയറക്ടര്‍  രഞ്ജിത് സിന്‍ഹ ഉറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുവാഹത്തില്‍ നടന്ന യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതിനിടെയാണ് സിന്‍ഹ ഉറങ്ങിയത്.

2ജി അഴിമതിക്കേസില്‍ സിന്‍ഹ സ്വീകരിച്ച നിലപാടുകളെ അടുത്തിടെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. 2ജി കേസില്‍ ആരോപണ വിധേയരായ ചിലരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് സിന്‍ഹയ്‌ക്കെതിരെ ഉയരുന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തന്നെ മനസിലാവുന്നതെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

ഇതിന് പുറമേ കേസന്വേഷിക്കുന്നതില്‍ നിന്നും സിന്‍ഹയെ മാറ്റുകയും ചെയ്തിരുന്നു. സി.ബി.ഐയുടെ ഇമേജിനെ തകര്‍ക്കുന്നതാണ് സിന്‍ഹയുടെ നടപടികളിലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

അതിനിടെ, കാര്യക്ഷമമായ ഇന്റലിജന്‍സ് നെറ്റുവര്‍ക്കുള്ള ഭാരത സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ ആയുധങ്ങളുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുവാഹത്തിയില്‍ ഡി.ജി.പിമാരുടെയും ഐ.ജി.പിമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിയമ വ്യവസ്ഥയെ കൃത്യമായി സംരക്ഷിക്കുന്ന സേനയെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ച 33,000 പോലീസ് ഓഫീസര്‍മാരെ ആദരിക്കേണ്ട ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി.