Film News
ഹര്‍ഷദിന്റെ തിരക്കഥ, സംവിധാനം മുഹ്ഷിന്‍; ബേസില്‍ ചിത്രത്തിലേക്ക് കാസ്റ്റിങ് കോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 24, 05:53 am
Wednesday, 24th August 2022, 11:23 am

ബേസില്‍ ജോസഫിന്റെ പുതിയ ചിത്രത്തിലേക്ക് കാസ്റ്റിങ് കോള്‍. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് തിരക്കഥയെഴുതി മുഹ്ഷിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. നൈസാം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

കോസ്റ്റിങ് കാളിന്റെ പോസ്റ്റര്‍ ബേസില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കോഴിക്കോട് സ്ലാങ്ങിലാണ് അഭിനേതാക്കളെ വിളിച്ചിരിക്കുന്നത്. ‘ഞമ്മളെ സ്വന്തം ബേസില്‍ ജോസഫ് നായകനാവ്ണ സിനിമ, ഈ അണ്ഡകടാഹത്തിലെ മുയ്മന്‍ ആള്‍ക്കാരും അയച്ചോളി, പക്ഷേ ഇങ്ങള് കോയിക്കോട് സംസാരിക്കണം. അപ്പൊ അയച്ച് തുടങ്ങിക്കോളി,’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 31 ആണ് അപേക്ഷ അയക്കേണ്ട അവസാന തിയതി.

അതേസമയം ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമായ പാല്‍തു ജാന്‍വര്‍ റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ സംഗീത് പി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്.

കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Casting call for Basil Joseph’s new film